ബഹിരാകാശത്ത് നിന്ന് രണ്ട് വോട്ട്! അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സുനിത വില്യംസും ബുച്ച് വില്‍മോറും
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാന്‍ നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും. നവംബര്‍ 5-നാണ് യുഎസില്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പ്രതികരിച്ചു.
”പൗരന്‍ എന്ന നിലയില്‍ വിലപ്പെട്ട കടമയാണിത്, മാത്രമല്ല ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണ്, അത് വളരെ രസകരമാണ്,” മാധ്യമപ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിച്ച ഇന്ത്യന്‍ വംശജയായ സുനിത പറഞ്ഞു. സുനിതയും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
”ഇന്ന് ഞാന്‍ ഒരു ബാലറ്റിനായി എന്റെ അഭ്യര്‍ത്ഥന അയച്ചു, ആ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അത് ചെയ്യുന്നത് നാസ ഞങ്ങള്‍ക്ക് വളരെ എളുപ്പമാക്കുന്നു,” ബുച്ച് വില്‍മോര്‍ പറഞ്ഞു.
നാസ ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാനുള്ള ബില്‍ 1997 ല്‍ പാസാക്കിയിരുന്നു. നാസയുടെ ബഹിരാകാശയാത്രികനായ ഡേവിഡ് വുള്‍ഫ് മിര്‍ ആണ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത ആദ്യത്തെ അമേരിക്കക്കാരനായത്.