കുറഞ്ഞ വിലയ്ക്ക് 260 പുതിയ അപ്പാർട്ടുമെന്റുകൾ : 11 ടെണ്ടറുകൾ സർക്കാരിന് മുന്നിൽ

ഇടത്തരം വരുമാനക്കാർക്കുള്ള മാൾട്ടീസ് സർക്കാരിന്റെ അപ്പാർട്മെന്റ് നിർമാണം മുന്നോട്ട്. വിപണി മൂല്യത്തേക്കാൾ ഏകദേശം 30% കുറഞ്ഞ വിലയ്ക്ക് 260 പുതിയ അപ്പാർട്ടുമെന്റുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി 11 ടെൻഡറുകളാണ് സർക്കാരിനെ സമീപിച്ചത്. ഏഴ് സ്വകാര്യ സ്ഥാപനങ്ങൾ ആകെ 11 നിർദ്ദേശങ്ങൾ സമർപ്പിച്ചതായി ഫൗണ്ടേഷൻ ഫോർ അഫോർഡബിൾ ഹൗസിംഗ് സ്ഥിരീകരിച്ചു.
ഗുണനിലവാരം, സുസ്ഥിരത, താങ്ങാനാവുന്ന വില എന്നിവ ഉറപ്പാക്കാൻ ഒരു സ്വതന്ത്ര മൂല്യനിർണ്ണയ സമിതി ഇവ വിലയിരുത്തും.
ജൂലൈ ആദ്യം പ്രഖ്യാപിച്ച പദ്ധതി, ഫ്ഗുറ, മാർസസ്കല, കിർകോപ്പ്, ടാ’ജിയോർണി (സെന്റ് ജൂലിയൻസ്) എന്നിവിടങ്ങളിലെ നാല് സൈറ്റുകളിലായി കുറഞ്ഞത് 260 അപ്പാർട്ടുമെന്റുകൾ വിതരണം ചെയ്യും. പാർലമെന്റിൽ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഏകകണ്ഠമായ അംഗീകാരത്തോടെ ഹൗസിംഗ് അതോറിറ്റി ഈ സ്ഥലങ്ങൾ ഫൗണ്ടേഷന് കൈമാറി.
താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വ്യക്തികൾക്കും ദമ്പതികൾക്കുമാണ് അപ്പാർട്ട്മെന്റുകൾ ലഭ്യമാക്കുക. കാസ്റ്റ് റെന്റിംഗ് ലിമിറ്റഡ്, വാസല്ലോ ബിൽഡേഴ്‌സ് ലിമിറ്റഡ്, എ.എം. ഡെവലപ്‌മെന്റ്സ് ലിമിറ്റഡ്, ഗ്രീൻ ബിൽഡിംഗ് സൊല്യൂഷൻസ് ലിമിറ്റഡ്, ബോണിസി ബ്രോസ് സർവീസസ് ലിമിറ്റഡ്, എക്ലിപ്സ് ജെവി, ജെഎജെ കോൺട്രാക്ടേഴ്‌സ് ലിമിറ്റഡ് എന്നി കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ജോലി ചെയ്യുന്ന ജനങ്ങൾക്ക് സുസ്ഥിരമായ ഭവന പരിഹാരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ സർക്കാരും മാൾട്ട അതിരൂപതയും സംയുക്തമായി ആരംഭിച്ച ഒരു സംരംഭമാണ് ഫൗണ്ടേഷൻ ഫോർ അഫോർഡബിൾ ഹൗസിംഗ്.