ഹൈദരാബാദിൽ സ്കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകന് കീടനാശിനി കലര്‍ത്തി; 11 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ് : സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സ്കൂള്‍ വാട്ടര്‍ ടാങ്കില്‍ അധ്യാപകന് കീടനാശിനി കലര്‍ത്തിയതായി പരാതി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ആണ് സംഭവം. കുട്ടികളുടെ നില ഗുരുതരമല്ല, ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സയന്‍സ് അധ്യാപകന് രാജേന്ദര്‍ ആണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്. കീടനാശിനിയുടെ കുപ്പി ഇയാള്‍ പിന്നീട് വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കീടനാശിനി കണ്ടെത്തിയ സംഭവം വിദ്യാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയിക്കരുത് എന്ന് അധ്യാപകന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന സംശയം ദൂരീകരിക്കാന്‍ രാജേന്ദര്‍ വെള്ളം കുടിച്ച് കാണിച്ച് കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂപല്‍പ്പള്ളി എംഎല്‍എ ഗന്ദ്ര സത്യനാരായണ റാവു, ജില്ലാ കളക്ടര്‍ രാഹുല്‍ ശര്‍മ്മ, എസ്പി കിരണ്‍ കരെ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിശോധനയ്ക്ക് ശേഷം, രാജേന്ദറിനെയും മറ്റ് രണ്ട് അധ്യാപകരായ വേണു, സൂര്യപ്രകാശ്, പാചകക്കാരിയായ രാജേശ്വരി എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുതെന്നും അധികൃതര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്കി.