ബ്രിട്ടൻ ഉൾപ്പെടെ 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും

വാഷിങ്ടൺ ഡിസി : ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷികസമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം, കാനഡ, ഓസ്ട്രേലിയ എന്നിവ അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതിനിടെ, ഗാസ സിറ്റി വളഞ്ഞ് ഇസ്രയേൽ സൈന്യം തുടരുന്ന രൂക്ഷമായ ആക്രമണങ്ങളിൽ 43 പേരടക്കം ഗാസയിൽ 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 65,208 ആയി ഉയർന്നു.
ഹമാസ് താവളങ്ങളാണു ലക്ഷ്യമെന്നു പറഞ്ഞാണു ഗാസ സിറ്റി വളഞ്ഞുവച്ച് ആക്രമണം. രണ്ടാഴ്ചയ്ക്കിടെ ഗാസ സിറ്റിയിലെ ബഹുനിലകെട്ടിടങ്ങളെല്ലാം ബോംബിട്ടു തകർത്തു. സൈനികനടപടി എത്രനാൾ നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസ സിറ്റിയിലെ ജനസംഖ്യയുടെ പകുതിയോളം, നാലര ലക്ഷം പേർ, ഇതിനകം പലായനം ചെയ്തുകഴിഞ്ഞു.
ഗാസയിലെ കുട്ടികൾക്കുള്ള ഭക്ഷണവുമായെത്തിയ യുനിസെഫിന്റെ 4 ട്രക്കുകൾ തോക്കുധാരികൾ കൊള്ളയടിച്ചതായി അധികൃതർ അറിയിച്ചു. അതിനിടെ, ബന്ദികളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഗാസ സിറ്റിയിലെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പു നൽകി. ഗാസയിൽ ശേഷിക്കുന്ന ബന്ദികളിൽ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന യുഎൻ പൊതുസഭ സമ്മേളനത്തിനിടെ, ഗാസ, യുക്രെയ്ൻ വിഷയങ്ങളിൽ രക്ഷാസമിതി ചേർന്നേക്കുമെന്നു സൂചനയുണ്ട്.