സുരക്ഷാകവചമായി ഇന്ത്യൻ പതാക; പാക്ക് വിദ്യാർഥികളും ഇന്ത്യൻ പതാകയേന്തി
ബെംഗളൂരു • യുക്രെയ്നിലെ ഹർകീവിൽ വിദ്യാർഥികളടക്കം എഴുനൂറോളം ഇന്ത്യക്കാർ ജീവൻ പണയം വച്ച് റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടമായി മാർച്ച് ചെയ്യുകയാണെന്ന് കൊല്ലപ്പെട്ട കർണാടക സ്വദേശി നവീന്റെ സഹപാഠികൾ അറിയിച്ചു. 7 ദിവസത്തോളം കഴിഞ്ഞ ബങ്കറിൽ നിന്ന് ഇന്ത്യൻ പതാകകളും കയ്യിലേന്തിയാണ് അവർ 7 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചതെന്ന് നവീന്റെ സീനിയറായ മെഡിക്കൽ വിദ്യാർഥി അമിതിന്റെ പിതാവ് വെങ്കടേഷ് വൈശ്യർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മൂന്നൂറോളം പേരും ഇവർക്കൊപ്പമുണ്ട്.
യുക്രെയ്നിന്റെ കിഴക്കു ഭാഗത്തുള്ള ഹർകീവിൽ നിന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്കു ട്രെയിനിൽ എത്താനാണു നീക്കം. പടിഞ്ഞാറൻ അതിർത്തി കേന്ദ്രീകരിച്ചാണിപ്പോൾ ഇന്ത്യൻ വിമാനങ്ങൾ ഒഴിപ്പിക്കൽ നടത്തുന്നത്. ഹർകീവ് നാഷനൽ മെഡിക്കൽ കോളജിൽ അഞ്ചാം വർഷ വിദ്യാർഥിയായ അമിതും ബന്ധു സുമനും ഉൾപ്പെടെ 3 വിദ്യാർഥികൾ കർണാടക ഹാവേരിയിലെ ചലഗേരിയിൽ നിന്നുള്ളവരാണ്.
‘ഭക്ഷണവും വെള്ളവുമൊന്നും കിട്ടാതായതോടെ ബങ്കറുകളിൽ കുട്ടികൾ വളരെ പ്രയാസപ്പെട്ടിരുന്നു. ഒരാഴ്ചയോളമായിട്ടും രക്ഷപ്പെടാൻ മാർഗം കാണാത്തതുകൊണ്ടാണ് റെയിൽവേ സ്റ്റേഷനിലേക്കു സംഘമായി പോകാൻ തീരുമാനിച്ചത്. അമിത് എന്റെ ഏകമകനാണ്.’– നിറകണ്ണുകളോടെ വെങ്കടേഷ് പറഞ്ഞു.
പാക്കിസ്ഥാൻ വിദ്യാർഥികളും ഇന്ത്യൻ പതാകയേന്തി
ന്യൂഡൽഹി • ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്നങ്ങളില്ലാതെ അതിർത്തി കടക്കാനായെന്നും ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർഥികളും സുരക്ഷയ്ക്കായി ത്രിവർണപതാക കയ്യിലേന്തിയെന്നും യുക്രെയ്നിൽ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യൻ വിദ്യാർഥികൾ പറഞ്ഞു. ‘സ്പ്രേ പെയിന്റ് വാങ്ങി കർട്ടനുകളിൽ ത്രിവർണം പൂശി. കർട്ടൻ കീറിയെടുത്ത് പല പതാകകളാക്കി കയ്യിൽ പിടിച്ചു. ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർഥികളും ഇന്ത്യയുടെ പതാക പിടിച്ചാണു ചെക് പോയിന്റുകൾ കടന്നത്. ഒഡേസയിൽ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദർശിപ്പിച്ചുവെന്ന് വിദ്യാർഥികൾ പറഞ്ഞു.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/By7bzLMxbepJEo8bTftLnh