കേരളം

വിപണിയിലെ 80 ശതമാനം സാധനങ്ങൾക്കും നാളെ മുതൽ വില കൂടും


കഴിഞ്ഞമാസം ജി.എസ്.ടി.കൗണ്‍സില്‍ തീരുമാനിച്ച നികുതി പരിഷ്‌ക്കരണം നാളെ (തിങ്കള്‍) മുതല്‍ നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങള്‍ക്കും വില കൂടും.
ഇതോടെ ജനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം നികുതിയാകും. സംസ്ഥാനത്തെ പലചരക്ക് വിപണിയില്‍ 80ശതമാനവും ഇത്തരത്തിലുള്ള ഉല്‍പന്നങ്ങളാണ്. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. പാലുല്‍പന്നങ്ങളില്‍ പാലിന് ഒഴികെ എല്ലായിനങ്ങള്‍ക്കും നികുതി നല്‍കണം. സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് വില വര്‍ദ്ധന.

ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന അരി, പയര്‍,കടല,പരിപ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വില്‍ക്കുന്നവയ്‌ക്കെല്ലാം നികുതിയുണ്ട്. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്),മീന്‍,തേന്‍,ശര്‍ക്കര അടക്കമുള്ളവയ്ക്കും വില കൂടും. അതേസമയം ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധനവ് ബാധകമാവും എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വ്യാപാരികളും ഇക്കാര്യത്തില്‍ സംശയം ഉയര്‍ത്തുന്നുണ്ട്. ഇതേതുടര്‍ന്ന് കേരള സര്‍ക്കാര്‍ ജിഎസടി വകുപ്പിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

ബാങ്കിന്റെ ചെക്ക് ബുക്കിന് 18 % നികുതി അക്കൗണ്ടില്‍ നിന്ന് പിടിക്കും. ദിവസം 5000 രൂപയ്ക്കു മുകളില്‍ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് 5% നികുതി ഈടാക്കും. ദിവസം 1000രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12%നികുതി ചുമത്തും. നിലവില്‍ ഇവ രണ്ടിനും ജി.എസ്.ടി ബാധകമായിരുന്നില്ല.

കൊവിഡ് പ്രതിസന്ധിയോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ജി.എസ്.ടി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതും കഴിഞ്ഞ മാസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിറുത്തിവെച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കുറക്കുവഴിയായാണ് നിത്യോപയോഗ സാധനങ്ങളെ നികുതിഘടനയില്‍പ്പെടുത്തിയത്.

വില കൂടുന്ന മറ്റിനങ്ങള്‍

എല്‍.ഇ.ഡി ലാംപ്, ലൈറ്റ്,വാട്ടര്‍ പമ്ബ്, സൈക്കിള്‍ പമ്ബ്, അച്ചടിമഷി,കട്ടിംഗ് ബ്ലേഡുകളുള്ള കത്തി,പേപ്പര്‍ മുറിക്കുന്ന കത്തി,പെന്‍സില്‍ ഷാര്‍പ്‌നെറും ബ്ലേഡും,സ്പൂണ്‍, ഫോര്‍ക്ക്,കട്ട് ആന്‍ഡ് പോളിഷ് ചെയ്തവജ്രക്കല്ല് ,സോളര്‍ വാട്ടര്‍ ഹീറ്റര്‍,ഭൂപടം,ചിട്ടി ഫണ്ട് ഫോര്‍മാന്‍ സേവനം,ടെട്രാപാക്ക്

നാളെ കരിദിനം

ജി.എസ്.ടി.നികുതിപരിഷ്‌ക്കരണം നിലവില്‍ വരുന്ന ജൂലായ് 18 കരിദിനമായി ആചരിക്കുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്‍ഡ്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാാന സമിതി തീരുമാനിച്ചു.സംസ്ഥാനത്തുടനീളമുള്ള വ്യാപാര,വ്യവസായ സ്ഥാപനങ്ങളില്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button