നിഖാത്തിന്റെ പൊന്നിടി ; ലോകകിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം.
ഇസ്താംബുൾ:ഇടിക്കൂട്ടിൽ മേരി കോമിന് പിൻഗാമിയായി. ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം. ഫൈനലിൽ തായ്ലൻഡ് താരം ജുതാമസ് ജിറ്റ്പോങ്ങിനെ തോൽപ്പിച്ചു (5–-0). 52 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് അഭിമാനകരമായ നേട്ടം.
ഫൈനലിൽ തെലങ്കാനയിൽനിന്നുള്ള ഇരുപത്തഞ്ചുകാരിയുടെ ഏകപക്ഷീയ പ്രകടനമായിരുന്നു. ആദ്യ റൗണ്ടിൽ അൽപ്പം പതറിയെങ്കിലും അടുത്ത രണ്ട് റൗണ്ടുകളിൽ മികച്ച ഇടികളുമായി കളത്തിൽ നിറഞ്ഞു. ടോക്യോ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിലെത്തിയ തായ് താരത്തിന് പതിവ് ഫോമിലേക്ക് ഉയരാനായില്ല.
ചാമ്പ്യൻഷിപ്പിൽ ഉടനീളം നിഖാത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ മെക്സിക്കോയുടെ ഫാത്തിമ ഹെരേരയെ കീഴടക്കി. തുടർന്ന് മംഗോളിയയുടെ ലുത്സഖാനിയേയും ഇംഗ്ലണ്ടിന്റെ ചാർളി ഡേവിസണിനേയും തോൽപ്പിച്ചു. സെമിയിൽ ബ്രസീലുകാരി കരോളിൻ ഡി അൽമെയ്ഡയെ മറികടന്നു.
ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചാം തവണയാണ് ഇന്ത്യ സ്വർണം നേടുന്നത്. മേരികോം, സരിതാദേവി, ആർ എൽ ജെന്നി, മലയാളി താരം കെ സി ലേഖ എന്നിവരാണ് മുമ്പ് സ്വർണം നേടിയത്. മുൻ ലോക ജൂനിയർ ചാമ്പ്യനായ നിഖാത്, തെലങ്കാന നിസാമാബാദ് നഗരത്തിലെ ഇടത്തരം കുടുംബത്തിലെ ജമീൽ അഹമ്മദിന്റെയും -പർവീൺ സുൽത്താനയുടെയും മകളാണ്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ തിളങ്ങിയ നിഖാത് ഭാവിയിലെ താരമെന്നാണ് വിലയിരുത്തപ്പെട്ടത്. 2019ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി.
യുവധാര ന്യൂസ്