ഡല്‍ഹിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു.
കഴിഞ്ഞ രണ്ടുമാസത്തില്‍ അധികമായി ഡല്‍ഹിയില്‍ നിലവിലുണ്ടായിരുന്ന രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണു പിന്‍വലിച്ചത്. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 1,000 രൂപയില്‍നിന്നും 500 രൂപയാക്കി കുറച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ക്ലാസുകളും ഓഫ് ലൈനായി ആരംഭിക്കാം. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതിന് ഡല്‍ഹി ദുരന്തനിവാരണ അഥോറിറ്റി തീരുമാനിച്ചത്. രാത്രി കര്‍ഫ്യൂ പിന്‍വലിച്ച സാഹചര്യത്തില്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, റെസ്റ്ററന്റുകള്‍ എന്നി രാത്രി വൈകിയും തുറന്നുപ്രവര്‍ത്തിക്കാം.
റസ്റ്റോറന്റുകള്‍, ബാറുകള്‍, കഫേകള്‍, സിനിമാ ഹാളുകള്‍ എന്നിവ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. നിലവില്‍, എല്ലാ മാര്‍ക്കറ്റുകളും കടകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്നു. ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകളില്‍ പൂര്‍ണമായും ഓഫ്ലൈന് രീതിയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്ന സാഹചര്യത്തിലും ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.