കൊളംബിയയിൽ ഇടതുപക്ഷത്തിന് വൻ വിജയം
ബൊഗോട്ട: കൊളംബിയയിൽ ഇടതുപക്ഷ സ്ഥാനാർഥി ഗസ്റ്റാവോ പെട്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്.
സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്തതാണ് ഗസ്താവോ പെട്രോ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 62കാരനായ ഗസ്‌റ്റാവോ മെയ് 29നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ പെട്രോ 40.3 ശതമാനത്തിലധികം വോട്ടുവാങ്ങി മുന്നിലെത്തിയിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനെത്തുടർന്നാണ് ഈ മാസം 19നു രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയത്. ഈ വോട്ടെുപ്പിൽ ഗസ്‌റ്റാവോ 50.4 ശതമാനം വോട്ട് നേടിയപ്പോൾ റോഡോൾഫോ ഹെർണാണ്ടസിന് 47.3 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
ആദ്യഘട്ടത്തിൽ എതിർസ്ഥാനാർഥികളായ റൊഡോൾഫോ ഹെർണാണ്ടസിന് 28.2 ശതമാനം, ഫെഡറികോ ഗുട്ടിറെസിന് 23.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. 54 ശതമാനം ആളുകൾ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. 3.9 കോടി വോട്ടർമാരിൽ 2.1 കോടിയാളുകൾ മാത്രം. പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണം നടത്തുന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്.
ഇന്നത്തെ നിലയിൽ, കൊളംബിയ മാറിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്നിലേക്ക് നമ്മെ നയിക്കുന്ന ഒരു യഥാർത്ഥ മാറ്റമാണ് വരുന്നത്. കൊളംബിയയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ എല്ലാ പ്രതിപക്ഷ അംഗങ്ങളേയും പ്രസിഡന്റ് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്യും’’ ഗസ്‌റ്റാവോ പറഞ്ഞു.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും സെനറ്ററായും പ്രവർത്തിച്ച പെട്രോ 2018-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇവാൻ ഡ്യൂക്കിനോട് പരാജയപ്പെട്ട അന്നുമുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ്. മുൻ ഗറില്ല പോരാളികൂടിയായ ഹിസ്‌റ്റോറിക്കൽ പാക്ട് സ്ഥാനാർഥിയായ പെട്രോ വിജയിക്കുമെന്ന് അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നു.
സൈനിക പിന്തുണയോടെ കൊളംബിയയിലെ സമ്പന്നവിഭാഗം അധികാരത്തിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്തിയിരുന്ന കാലത്തിന് അന്ത്യംകുറിക്കുന്നതാകും ഈ തെരഞ്ഞെടുപ്പുഫലമെന്നാണ് പെട്രോ അവകാശപ്പെട്ടിട്ടുള്ളത്. വിജയിച്ചില്ലെങ്കിൽ രാഷ്‌ട്രീയത്തിൽനിന്ന് വിരമിക്കുമെന്നു പ്രഖ്യാപിച്ച് കഴിഞ്ഞ സെപ്തംബറിൽ തെരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ട പെട്രോ സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.