ഓർമകളിൽ ഇനി ആ മധുരവാണി: ഗായിക വാണി ജയറാം അന്തരിച്ചു.
ചെന്നെെ: പ്രശസ്‌ത ഗായിക വാണി ജയറാം (78)അന്തരിച്ചു. ചെന്നെെയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്‌ച പത്മഭുഷൻ അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു.
മലയാളത്തിൽ ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടുള്ള വാണി ജയറാം ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു വാണി സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതം പഠിച്ചത്. കലെെവാണി എന്നായിരുന്നു പേര്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ എസ് മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.’സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഭർത്താവ് പരേതനായ ജയറാം.
1975ൽ “ഏഴു സ്വരങ്ങൾ” (അപൂർവ്വരാഗങ്ങൾ),1980 ശങ്കരാഭരണം, 1991 സ്വാതികിരണം എന്നീ ഗാനങ്ങൾക്കാണ് മികച്ച ഗായികക്കുള്ള അവാർഡ് ലഭിച്ചത്.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസൻ, കെ എ മഹാദേവൻ, എം കെ അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ ആർ റഹ്മാൻ എന്നിവരുടെയൊക്കെ പാട്ടുകൾക്ക് ശബ്ദം നല്കി.
സൗരയൂഥത്തിൽ, പദ്‌മതീർത്ഥക്കരയിൽ , നാടൻപാട്ടിലെ മൈനാ , എന്റെ കയ്യിൽ പൂത്തിരി , തേടിത്തേടി , തിരുവോണപ്പുലരിതൻ , ധുംതന , ആഷാഢമാസം ആത്മാവിൽ മോഹം , , സീമന്ത രേഖയിൽ ചന്ദനം ചാർത്തി , സപ്തസ്വരങ്ങളാടും , നാദാപുരം പള്ളിയിലെ തുടങ്ങിയ വാണിയുടെ പ്രശസ്ത മലയാളം ഗാനങ്ങളാണ്.