ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ പരാജയപ്പെട്ടു; സാനിയ മിർസ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ നിന്ന് വിരമിച്ചു.
ഐതിഹാസിക കരിയറിന് അവസാനം .
മെൽബൺ : കണ്ണ് നിറഞ്ഞു , വാക്കുകൾ തൊണ്ടയിൽ , ഒടുവിൽ സാനിയ വിതുമ്പി. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വേദിയായ റോഡ് ലേവർ അരീനയിൽ ഇന്ത്യൻ താരം സാനിയ മിർസയുടെ വൈകാരികമായ വിടവാങ്ങൽ. മിക്സഡ് ഡബിൾസ് ഫൈനലിൽ ബ്രസീലിയൻ ജോടിയായ ലൂയിസ സ്റ്റെഫാനി–-റാഫേൽ മറ്റോസിനോട് 6–-7, 2–-6ന് തോറ്റു. അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ കിരീടത്തോടെ വിടവാങ്ങാനുള്ള മോഹം സാധിച്ചില്ല.
സാനിയ പറഞ്ഞു: ‘ഇത് സന്തോഷത്തിന്റെ കണ്ണീരാണ്. മെൽബണിലെ ഈ വേദിയിലാണ് 2005ൽ 18–-ാംവയസ്സിൽ അരങ്ങേറിയത്. മൂന്നാംറൗണ്ടിൽ സെറീന വില്യംസിനോട് തോറ്റ് മടങ്ങുകയായിരുന്നു. കളിജീവിതം അവസാനിപ്പിക്കാൻ ഇതുപോലെ വേറെ ഏത് വേദിയുണ്ട്. അതിനാൽ സന്തോഷംകൊണ്ട് കരഞ്ഞുപോകുന്നു.’
‘മകനുമുന്നിൽ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റ് കളിക്കാനാകുമെന്നു കരുതിയതല്ല. രോഹൻ ബൊപ്പണ്ണ എന്റെ ആദ്യ മിക്സഡ് ഡബിൾസ് പങ്കാളിയാണ്. എനിക്കന്ന് 14 വയസ്സ്. പിന്നീട് എത്രയെത്ര ടൂർണമെന്റുകൾ. ഇപ്പോൾ എനിക്ക് 36 വയസ്സായി. രോഹന് 42. എന്റെ അടുത്തസുഹൃത്തും മികച്ച കളിപങ്കാളിയുമായ രോഹനൊത്തുള്ള വിടവാങ്ങൽ സന്തോഷകരമാണ്’–- കണ്ണീർ തുടച്ച് സാനിയ പറഞ്ഞുനിർത്തി.
ഫൈനലിൽ ആദ്യ സെറ്റിൽമാത്രമാണ് ഇന്ത്യൻ സഖ്യത്തിന് വെല്ലുവിളി ഉയർത്താനായത്. ടൈബ്രേക്കിലേക്ക് നീണ്ടെങ്കിലും ഫലമുണ്ടായില്ല. രണ്ടാംസെറ്റിൽ ചെറുത്തുനിൽപ്പുണ്ടായില്ല. അടുത്തമാസം 18ന് തുടങ്ങുന്ന ദുബായ് മാസ്റ്റേഴ്സ് ടൂർണമെന്റോടെ പ്രൊഫഷണൽ കളിജീവിതം അവസാനിപ്പിക്കാനാണ് സാനിയയുടെ തീരുമാനം. റു ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ സ്വന്തമായുള്ള സാനിയ 91 ആഴ്ച ഡബിൾസിൽ ഒന്നാംറാങ്കുകാരിയായി. വിവിധ ടൂർണമെന്റുകളിലായി 43 ഡബിൾസ് കിരീടങ്ങൾ നേടി.