എകെജി സെന്ററിന് നേരെ ബോംബേറ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനുനേരെ അര്‍ധരാത്രി ബോംബേറ് വ്യാഴാഴ്ച 11.35ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്ററിന്റെ പ്രവേശനകവാടത്തിന് മുന്നിലെ ചുമരില്‍ ബോംബ് എറിഞ്ഞത്
ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ കുന്നുകുഴി ഭാഗത്തേക്ക് രക്ഷപ്പെട്ടു.
സംഭവം നടക്കുമ്ബോള്‍ സി.പി.എം നേതാവ് പി.കെ.ശ്രീമതി എ.കെ.ജി സെന്ററിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സ്ഥലത്തെത്തി. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ.പി.ജയരാജന് ആരോപിച്ചു. സെമി കേഡറിന്റെ പുതിയ പതിപ്പാണിത്. ഇത്തരത്തിലൂള്ള ഭീകരപ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തിവരികയാണ്.എന്തും ചെയ്യുമെന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ബാക്കി കാര്യങ്ങളൊക്കെ അന്വേഷണത്തില്‍ തെളിയുമെന്നും ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു.
സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എ.കെ.ജി സെന്ററിനും മറ്റ് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി