വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻറ് നിയന്ത്രിക്കുവാൻ നിയമനിർമ്മാണത്തിനു വേണ്ടിയുള്ള കൺസൾട്ടേഷൻ ആരംഭിച്ചു ലോക കേരളസഭ
തിരുവനന്തപുരം: യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും അമിത തുക ഈടാക്കി തീവെട്ടി കൊള്ള നടത്തുന്ന ചൂഷണത്തിന് എതിരെയുള്ള നിയമനിർമ്മാണം വരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ സാധ്യതകൾ പരിശോധിക്കുന്നതിനായി കൺസൾട്ടേഷൻ ലോക കേരള സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .
ഈ കഴിഞ്ഞ ലോക കേരളസഭയിൽ മാൾട്ടയെ പ്രതിനിധീകരിച്ച പ്രതിനിധി ഈ നിർദ്ദേശം ഉന്നയിച്ചിരുന്നു.
ലോക കേരള സഭ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശപ്രകാരം അനധികൃത റിക്രൂട്ട്മെന്റിനെ സംബന്ധിച്ചുള്ള നിയമനിർമ്മാണ സാധ്യതകൾ പരിശോധിക്കുന്നതിനായി ലോക കേരള സഭയും നോർക്ക റൂട്ട്സും സംയുക്തമായി വിവിധ ദേശീയ – അന്തർദേശീയ ഏജൻസികളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്‍സൾട്ടേഷന്‍ സംഘടിപ്പിച്ചു. രണ്ട് സെഷനുകളായി സംഘടിപ്പിച്ച പരിപാടിയിൽ നോർക്ക വകുപ്പ് സെക്രട്ടറി ഡോ. വാസുകി ഐഎഎസ്, പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ് – തിരുവനന്തപുരം ശ്യാം ചന്ദ് ഐഎഫ്എസ്, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യുസഫ് ഐഎഎസ്, നോർക്ക സിഇഒ അജിത് കോളശ്ശേരി, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്, തിരുവനന്തപുരം, ശ്യാം ചന്ദ് ഐഎഫ്എസ് മോഡറേറ്റർ ആയ ആദ്യ സെഷൻ അനധികൃത റിക്രൂട്ട്‌മെന്റ രീതികളെക്കുറിച്ചും നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ചർച്ച ചെയ്തു. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി അനധികൃത സംവിധാനങ്ങളെക്കുറിച്ചും നിയമപരമല്ലാത്ത ഓൺലൈൻ റിക്രൂട്ട്‌മെന്റിനെക്കുറിച്ചും പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി.
നിയമപരമായ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) സ്റ്റാൻഡേർഡുകൾ നടപ്പിലാക്കുന്നതിനെകുറിച്ച് ILO ലേബർ മൈഗ്രേഷൻ സ്പെഷ്യലിസ്റ്റ് അമിഷ് കർക്കി സംസാരിച്ചു. കേരള മാൻപവർ എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചാക്കോ വർഗീസ്. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവി രാമൻ, സിഡിഎസ് പ്രൊഫസ്സർ ഡോ. വിനോജ് എബ്രഹാം, International Centre for Migration Policy Development ലൈസൻ ഓഫീസർ ഡോ. സുരഭി സിങ്, മുൻ ഗോവ ഡിജിപി വിഎഫ്എസ് ഗ്ലോബൽ പ്രതിനിധിയുമായ ഡോ. മുക്തേഷ് ചന്ദ ഐപിഎസ് എന്നിവർ ആദ്യ സെഷനിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള നിയമനിർമ്മാണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്ത രണ്ടാം സെഷനിൽ സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി കെ ജി സനൽ കുമാർ മോഡറേറ്ററായി. പഞ്ചാബ് എൻആർഐ – എഡിജിപി പ്രവീൺ കുമാർ സിൻഹ, പഞ്ചാബിൽ അനധികൃത റിക്രൂട്ട്മെന്റുകള്‍ തടയുന്നതിന് നടപ്പിലാക്കിയ പരിപാടികളെ കുറിച്ചും നിയമ നിർമ്മാണത്തെ കുറിച്ചും വിശദീകരിച്ചു. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ചെയർമാൻ ഡോ. ഇരുദയ രാജൻ, ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഇന്ത്യ തലവൻ സഞ്ജയ് അവസ്തി, കേരള എഫിനാൻസ് കമ്മിഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ, KASE മാനേജിങ് ഡയറ്കടർ സൂഫിയാൻ അഹമ്മദ് ഐഎഎസ്, സംസ്ഥാന എൻആർഐ സെൽ സുപ്രണ്ടന്റ് അശോക കുമാർ എന്നിവർ പങ്കെടുത്തു. ലോക കേരള സഭ സ്റ്റാൻഡിങ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി എം ജാബിർ ആദ്യ സെഷനിലും, കെടിഎ മുനീർ രണ്ടാമത്തെ സെഷനിലും പങ്കെടുത്തു.
വിദ്യാർത്ഥി കുടിയേറ്റത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ കുടിയേറ്റത്തിന്റെ ‘ കാരണങ്ങൾ, സാമ്പത്തിക ബാധ്യത, ഫീ ഇനത്തിലും മറ്റു ചിലവുകൾക്കുമായി സംസ്ഥാനത്ത് നിന്നും പുറത്തേക്ക് ഒഴുകുന്ന പണത്തിന്റെ തോത്, സ്‌കൂൾതലം മുതലുള്ള ബോധവത്കരണത്തിന്റെ ആവശ്യകത എന്നിവ ഉന്നയിക്കപ്പെട്ടു. കൂടാതെ നവമാധ്യമങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള റിക്രൂട്ട്‌മെന്റ തട്ടിപ്പുകൾ അന്തരാഷ്ട്ര ഏജൻസി പ്രതിനിധികൾ വിശദീകരിച്ചു. വ്യാപകമായി വ്യാജ വിസ – സർട്ടിഫിക്കറ്റുകൾ ഉൾപ്പെടയുള്ള രേഖകൾ ഉപയോഗിച്ചിട്ടുള്ള തട്ടിപ്പുകളെ നിയമപരമായി നേരിടാൻ പരാതിക്കാർ തയ്യാറാകുന്നില്ല എന്നത് വെല്ലുവിളിയാണ്.
നിലവിലുള്ള ബോധവത്കരണ പരിപാടികളെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിയുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായത്തോടെ ബോധവൽക്കരണ പരിപാടികൾ വാർഡ് തലത്തിൽ സംഘടിപ്പിക്കണമെന്ന് ആവശ്യം ഉയർന്നു. പഞ്ചാബ് സർക്കാരിന്റെ ട്രാവൽ റെഗുലേഷൻ ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ പരിശോധിച്ചു കേന്ദ്ര എമിഗ്രെഷൻ ആക്ടിന്റെ പരിധിയിൽ നിന്നുകൊണ്ട് കേരളത്തിന് ഉതകുന്ന നിയമനിർമ്മാണം അടിയന്തരമായി നടപ്പാക്കണമെന്നും യോഗം വിലയിരുത്തി. അതോടൊപ്പം നിലവിൽ കരട് രൂപം പൂർത്തിയായ 2021ലെ എമിഗ്രെഷൻ ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങളുടെ സമ്മർദം ആവശ്യമാണ്.
യോഗത്തിന്റെ തുടർച്ചയായി കണ്ടെത്തലുകളും നിയമ നിർമ്മാണത്തിന് സഹായകമാകുന്ന വിലയിരുത്തലുകളും ഉൾപ്പെടുത്തി ഒരു നയരേഖ സർക്കാരിന് സമർപ്പിക്കും.