അന്തർദേശീയം

ഗിസ പിരമിഡുകൾ വാടകയ്‌ക്കെടുത്ത് യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്

100 ദിവസം ആണവ ബങ്കറിന്റെ ഭീകരതയിൽ, 24 മണിക്കൂർ വെള്ളത്തിന്റെ ആഴങ്ങളില്‍, 50 മണിക്കൂർ അന്റാർട്ടിക്കയിലെ ഹിമപാളികളുടെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം ജീവനോടെ മണ്ണിനടിയിൽ. അതിസാഹസിക കൃത്യങ്ങളും അപകടം നിറഞ്ഞ ചലഞ്ചുകളുമായി കാഴ്ചക്കാരെ എപ്പോഴും ഞെട്ടിക്കാറുണ്ട് യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ്. അതുകൊണ്ടുന്നെ, വെറും 26 വയസുള്ള ഈ അമേരിക്കക്കാരൻ ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള യൂട്യൂബ് ചാനലിനുടമയായതിന്റെ കാരണം തിരഞ്ഞ് മറ്റെവിടെയും പോകേണ്ട കാര്യവുമില്ല. ഇപ്പോഴിതാ കൗതുകമുണർത്തുന്നൊരു പ്രഖ്യാപനത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് മിസ്റ്റർ ബീസ്റ്റ്. ലോകമഹാത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡുകൾ വാടകയ്‌ക്കെടുത്ത് ചിത്രീകരിക്കാനിരിക്കുകയാണത്രെ ഈ യുവാവ്.

ഗിസയിലെ പ്രധാനപ്പെട്ട മൂന്ന് പിരമിഡുകളാണ് 100 മണിക്കൂർ ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണു വെളിപ്പെടുത്തൽ. അമേരിക്കൻ അത്‌ലെറ്റും ഒളിംപ്യനുമായ നോഹ് ലൈൽസിന്റെ ‘ബിയോൺ ദി റെക്കോർഡ്‌സ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് മിസ്റ്റർ ബീസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനലിനു വേണ്ടി പിരമിഡിനകത്തെ രഹസ്യങ്ങളും ജീവിതാനുഭവവും ചിത്രീകരിക്കുകയാണ് ലക്ഷ്യം. ഈജിപ്ഷ്യൻ സർക്കാരിന്റെ സഹകരണത്തോടെയാണ് വിഡിയോ തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

100 മണിക്കൂർ സമയം പിരമിഡിനകത്ത് എവിടെയും കഴിയാനും വിഡിയോ പകർത്താനുമുള്ള അനുമതിയാണ് ഈജിപ്ത് ഭരണകൂടം നൽകിയിരിക്കുന്നത്. ഇതുവരെയും പിരമിഡിനകത്ത് കയറിയിട്ടില്ലെന്ന് മിസ്റ്റർ ബീസ്റ്റ് പറയുന്നു. ലോകത്തിനുമുന്നിൽ ഇനിയും നിഗൂഢമായി തുടരുന്ന പിരമിഡിനകത്തെ രഹസ്യങ്ങൾ, രഹസ്യ അറകളും കുടീരങ്ങളുമുൾപ്പെടെ വിഡിയോയിലൂടെ പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ലോകം കണ്ടിട്ടില്ലാത്ത കാഴ്ചകൾ പുറത്തുകൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. രാത്രിസമയങ്ങളിൽ പൂർണമായി പിരമിഡിനകത്ത് കഴിയുമെന്നും ഇതിന്റെ അനുഭവങ്ങൾ വിഡിയോയിൽ കാണാമെന്നും 26കാരൻ പറയുന്നു.

‘പിരമിഡിനകത്ത് നിഗൂഢമായ ഒരുപാട് അറകളും പാതകളുമുണ്ട്. എന്തൊക്കെ കാണാനാകുമെന്നും പുറത്തുകൊണ്ടുവരാനാകുമെന്നും അറിയില്ല. പക്ഷേ, ഏറെ ആകാംക്ഷയിലാണുള്ളത്.’-മിസ്റ്റർ ബീസ്റ്റ് മനസ്സുതുറന്നു.

പ്രാചീന ഈജിപ്തിലെ ഭരണാധികാരികളായ ഫറോവമാർ പണികഴിപ്പിച്ച അപൂർവ നിർമിതിയാണ് പിരമിഡുകൾ. സ്വന്തം ശവകുടീരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതു നിർമിച്ചത്. ബിസി 2750ൽ, ഖുഫു എന്ന പേരിൽ അറിയപ്പെടുന്ന ഫറോവയാണ് ലോകമഹാത്ഭുത പട്ടികയിൽ ഉൾപ്പെട്ട ഗ്രേറ്റ് ഗിസ പിരമിഡ് നിർമിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലും ഗിസ പിരമിഡ് ഉൾപ്പെട്ടിട്ടുണ്ട്. നൈൽ നദിയുടെ തീരത്തായി 118ഓളം പിരമിഡുകൾ ഇപ്പോഴുമുണ്ടെന്നാണു വിവരം. ഇതിൽ ഖുഫു, ഖാഫ്രെ, മെങ്കൗറെ എന്നിങ്ങനെ മൂന്ന് പിരമിഡുകളാണ് ഏറ്റവും വലുതും പ്രശസ്തവും. മൂന്ന് ഫറോവമാരുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്.

നൂറ്റാണ്ടുകളേറെ പിന്നിട്ടിട്ടും കാര്യമായ പോറലൊന്നുമേൽക്കാതെ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഈജിപ്തിലെ ഈ അപൂർവ നിർമിതികൾ ഇപ്പോഴും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും സുപ്രധാന പൈതൃക ടൂറിസം കേന്ദ്രങ്ങളിലൊന്നാണിവ. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ വിസ്മയത്തോടെ കണ്ടുമടങ്ങുന്ന പിരമിഡുകളുടെ ഉള്ളറകളിലേക്കും നിഗൂഢതകളിലേക്കും കാമറയുമായി പുറപ്പെടാനിരിക്കുകയാണ് മിസ്റ്റർ ബീസ്റ്റ്.

ജിമ്മി ഡൊണാൾഡ്‌സൻ എന്നാണ് മിസ്റ്റർ ബീസ്റ്റിന്റെ യഥാർഥ പേര്. 2012ൽ തന്റെ 13-ാം വയസിലാണ് ‘മിസ്റ്റർ ബീസ്റ്റ് 6000’ എന്ന പേരിൽ ജിമ്മി യൂട്യൂബ് ചാനലിനു തുടക്കമിടുന്നത്. യൂട്യൂബർമാരുടെ വരുമാനക്കണക്കുകളെടുത്തായിരുന്നു തുടക്കം. 2017ൽ, 40 മണിക്കൂറിൽ ഒരു ലക്ഷം വരെ നിർത്താതെ എണ്ണിയാണ് വൈറലാകുന്നത്. ഇപ്പോൾ 337 മില്യൺ ആണ് ‘മിസ്റ്റർ ബീസ്റ്റ്’ എന്ന മെയിൻ യൂട്യൂബ് ചാനലിലെ വരിക്കാരുടെ എണ്ണം. മറ്റു ചാനലുകളിലായി 155 മില്യണും വരിക്കാരുണ്ട്.

യൂട്യൂബിൽ 300 സബ്‌സ്‌ക്രൈബർമാർ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെയാളാണ് മിസ്റ്റര്‍ ബീസ്റ്റ്. ടിക്ടോകിൽ 104 മില്യണുമായി ഫോളോവർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. 2023ൽ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറുപേരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. യൂട്യൂബ് ചാനലിനു പുറമെ ജീവകാരുണ്യരംഗത്തും സജീവമാണ് അദ്ദേഹം. ഫീസ്റ്റബിൾസ് എന്ന പേരിൽ ചോക്ലേറ്റ് കമ്പനിയും വ്യൂസ്റ്റാറ്റ്‌സ് എന്ന പേരിൽ സോഫ്റ്റ്‌വെയർ കമ്പനിയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങള്‍ സ്വന്തമായുണ്ട്. 2023ലെ കണക്കുപ്രകാരം 500 മില്യൺ ഡോളറാണ് മിസ്റ്റർ ബീസ്റ്റിന്റെ ആസ്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button