അന്തർദേശീയംടെക്നോളജി

വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; ലോകത്ത് ആദ്യമായി എ.ഐ സഹായത്തോടെയുള്ള ഐവിഫ് ചികിത്സയിൽ കുഞ്ഞ് പിറന്നു

ന്യൂയോർക്ക് : വന്ധ്യത ചികിത്സാ രംഗത്ത് വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കാവുന്ന പുതിയ സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണം വിജയകരം. ലോകത്ത് ആദ്യമായി ഐവിഎഫ് രംഗത്ത് നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തി നടത്തിയ കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞ് പിറന്നു. വിവിധ ഘട്ടങ്ങളിലൂടെ വിദഗ്ധർ കൈകൾ ഉപയോഗിച്ച് ചെയ്യുന്ന സങ്കീർണമായ നടപടികളാണ് പൂർണമായും യന്ത്ര സഹായത്തോടെ പൂർത്തീകരിച്ചതെന്ന് ഗവേഷകർ അറിയിച്ചു.

എംബ്രിയോളജിസ്റ്റായ ഡോ ജാക്വിസ് കൊഹന്റെ നേതൃത്വത്തിൽ മെക്സികോയിലെയിലെയും ന്യൂയോർക്കിലെ ഗവേഷകരാണ് പുതിയ പരീക്ഷണത്തിനും വിജയത്തിനും പിന്നിൽ. പഠനത്തിന്റെ വിശദാംശങ്ങൾ മെഡിക്കൽ ജേണലായ ജേണൽ ഓഫ് റീപ്രൊഡക്ടീവ് ബയോമെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ കൃത്രിമ ബീജസങ്കലനത്തിനായി മനുഷ്യാധ്വാനവും വൈദഗ്ദ്യവും ഉപയോഗിച്ച് ചെയ്യുന്ന ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ എന്ന പ്രവർത്തനമാണ് പൂർണമായും എ.ഐ സഹായത്തോടെ മനുഷ്യസഹായമില്ലാതെ ചെയ്യാൻ സാധിച്ചത്.

1990 മുതൽ ഉപയോഗിച്ചുവരുന്ന ഇപ്പോഴത്തെ രീതിയിൽ എംബ്രിയോളജിസ്റ്റുകൾ കൈകൾ കൊണ്ടാണ് 23 ഘട്ടങ്ങൾ നീളുന്ന ഈ പ്രവൃത്തി പൂർത്തീകരിക്കുന്നത്. വൈദഗ്ദ്യത്തിലെ ഏറ്റക്കുറച്ചിലുകളും വ്യക്തിയുടെ ക്ഷീണവും ആരോഗ്യനിലയുമെല്ലാം പ്രവൃത്തിയുടെ വിജയത്തെയും ബാധിക്കും. എന്നാൽ എല്ലാം ഘട്ടവും എഐ സഹായത്തോടെയും വിദൂര ഡിജിറ്റൽ നിയന്ത്രണത്തിലും സാധ്യമാക്കി എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലിന്റെ സവിശേഷത. മെക്സികോയിലെ ഹോപ്പ് ഐവിഎഫ് സെന്ററിൽ ചികിത്സ തേടിയ 40കരിയിലാണ് ആദ്യ പരീക്ഷണം വിജയം കണ്ടത്.

അണ്ഡദാതാവിൽ നിന്ന് അണ്ഡം സ്വീകരിച്ച് പരമ്പരാഗത രീതിയിൽ ബീജസങ്കലനം നടത്തി ഗർഭംധരിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ എ.ഐ സാങ്കേതികവിദ്യ ഈ യുവതിയിൽ പരീക്ഷിക്കുന്നത്. അഞ്ച് അണ്ഡങ്ങൾ ഉപയോഗിച്ചതിൽ നാലെണ്ണത്തിലും ബീജസങ്കലനം വിജയകരമായിരുന്നു. ആരോഗ്യകരമായ വളർച്ച ബോധ്യപ്പെട്ട ഒരു ഭ്രൂണത്തെ ശീതീകരിച്ച് ഗർഭപാത്രത്തിലേക്ക് മാറ്റുകയും യുവതി പിന്നീട് ഗർഭകാലം പൂർത്തിയാക്കി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എല്ലാ ഘട്ടത്തിലും പൂർണമായും ഓട്ടോമേറ്റഡ് സംവിധാനമാണ് ഉപയോഗിച്ചത്.

ബീജ കോശത്തിന്റെ തെര‍ഞ്ഞെടുപ്പ് മുതൽ എല്ലാ ഘട്ടങ്ങളിലും എ.ഐ ഉപയോഗിക്കുക വഴി കൂടുതൽ വേഗതയും കൃത്യയും ഉറപ്പാക്കാൻ സാധിക്കുമെന്ന് ഗവേഷക‍ർ പറയുന്നു. ലാബിലെ സാങ്കേതിക വിദഗ്ദരുടെ ജോലിഭാരം ലഘൂകരിക്കാനും സാധിക്കും. വിജയ സാധ്യത വർദ്ധിപ്പിക്കാനുമാവും. ഒരു അണ്ഡത്തിന് ആകെ 9 മിനിറ്റും 56 സെക്കന്റും വീതമാണ് എല്ലാ പ്രവൃത്തികൾക്കും വേണ്ടിവന്നത്. ഇത് നിലവിൽ വേണ്ടിവരുന്നതിനേക്കാൾ കൂടുതലാണെങ്കിലും ഭാവിയിൽ സാങ്കേതികവിദ്യ മെച്ചപ്പെടുന്നതിനനുസരിച്ച് വളരെ വേഗത്തിൽ തന്നെ പൂർത്തീകരിക്കാൻ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button