വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി
2010-ൽ, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കൻ യുദ്ധങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സൈനിക രേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്

ലണ്ടൻ : യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി തന്റെ മാധ്യമസ്ഥാപനമായ വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ച സംഭവത്തിലാണ് ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ ജൂലിയസ് അസാൻജിനെ 2019ൽ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ലണ്ടനിലെ ഇക്വഡോർ എംബസിയിൽനിന്നായിരുന്നു അസാൻജിനെ ലണ്ടൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുദ്ധക്കുറ്റങ്ങൾ ചുമത്തപ്പെട്ട ജൂലിയസ് അസാൻജിന് 175 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു യുഎസ് ചുമത്തിയത്.
52കാരനായ അസാൻജ്, യുഎസ് ചാരവൃത്തി നിയമം ലംഘിച്ചുവെന്നു കുറ്റസമ്മതം നടത്തിയതായാണു പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസാൻജ് യുഎസുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി, ലണ്ടനിലെ ബെൽമാർഷ് ജയിലിലെ 5 വർഷത്തെ (കൃത്യമായി പറഞ്ഞാൽ 62 മാസത്തെ) ജയിൽവാസം ചാരവൃത്തിക്കുള്ള തടവുശിക്ഷയായി യുഎസിലെ കോടതിയും പരിഗണിക്കും. ഇത്രയും കാലത്തെ ജയിൽവാസം തന്നെയായിരിക്കും അസാൻജിനു കോടതി ശിക്ഷയായും വിധിക്കുക. ചുരുക്കത്തിൽ തടവുശിക്ഷ പൂർത്തിയാക്കിയ അസാൻജിന് ഇനി സ്വദേശമായ ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകാൻ സാധിക്കും.
പസഫിക്ക് സമുദ്രത്തിലെ യുഎസ് ടെറിട്ടറിയായ വടക്കൻ മരിയാന ദ്വീപുകളിലെ സായ്പാനിൽ വച്ച് ബുധനാഴ്ച നടക്കുന്ന കോടതി നടപടികൾക്കുശേഷമായിരിക്കും ശിക്ഷാവിധി. എന്തായാലും യുഎൻ ഉൾപ്പെടെയുള്ള നിരവധി രാജ്യാന്തര വേദികളിൽ അസാൻജിന്റെ മോചനവുമായി ബന്ധപ്പെട്ടു നടന്ന പോരാട്ടങ്ങളുടെ കൂടി ശ്രമഫലമായാണ് ഈ മോചനത്തെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. “ജൂലിയൻ അസാൻജ് സ്വതന്ത്രനാണ്. 1901 ദിവസങ്ങൾ അവിടെ ചെലവഴിച്ചതിന് ശേഷം ജൂൺ 24 ന് രാവിലെ അദ്ദേഹം ബെൽമാർഷ് അതിസുരക്ഷാ ജയിലിൽ നിന്ന് പുറത്തിറങ്ങി”, വിക്കിലീക്സ് എക്‌സിൽ എഴുതി. “അദ്ദേഹത്തിന് ലണ്ടനിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു, ഉച്ചകഴിഞ്ഞ് സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ വിട്ടയച്ചു, അവിടെ അദ്ദേഹം ഒരു വിമാനത്തിൽ കയറി യുകെയിൽ നിന്ന് പുറപ്പെട്ടു”. എക്‌സിലെ ഒരു നീണ്ട പോസ്റ്റിൽ, വിക്കിലീക്‌സ് തുടർന്നു പറഞ്ഞു,
2010-ൽ, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കൻ യുദ്ധങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സൈനിക രേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടത് . നയതന്ത്ര സംഭാഷണങ്ങളടക്കം 700,000 രേഖകൾ ഉണ്ടായിരുന്നു. യുഎസ് സൈനിക ചരിത്രത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായിരുന്നു ഇത്. അസാൻജിനെതിരെ ചുമത്തിയ കുറ്റാരോപണങ്ങൾ ആഗോള തലത്തിൽത്തന്നെ വലിയ രോഷത്തിന് കാരണമായി.