മുണ്ടക്കൈ-ചൂരല്‍ മല പുനരധിവസം; രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് പദ്ധതി നിലവില്‍ വരുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയുള്ള വീടുകളാണ് നിര്‍മിക്കുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകള്‍ നിര്‍മിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി ഊരാളുങ്കല്‍ സൊസൈറ്റിയെ നിശ്ചയിച്ചു. മേല്‍നോട്ടം കിഫ്കോണിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിതലരീതിയിലാണു നിര്‍മാണം ഏകോപിപ്പിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മാണ സമിതിക്കാണ് പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കലക്ടറുടെ നേതൃത്വത്തില്‍ പ്രോജക്ട് നടപ്പാക്കല്‍ സമിതിയുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും സ്പോണ്‍സര്‍മാരും ഉള്‍പ്പെടെ ഉപദേശകസമിതിയും രൂപീകരിക്കും. നിര്‍മാണ ഗുണനിലവാരം ഉറപ്പാക്കാനും സമിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും.വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 4658 പേര്‍ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തി മൈക്രോ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ 79 പേര്‍ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേര്‍ കാര്‍ഷിക മേഖലയും 1034 പേര്‍ സൂക്ഷ്മ സംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്. പ്രത്യേക പരിഗണന നല്‍കേണ്ടതായിട്ടുള്ള സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികള്‍ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങള്‍ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാന്‍ സര്‍വ്വേ വഴി കണ്ടെത്തി.
ടൗണ്‍ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല.
പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകള്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരുടെ യോഗം ഇന്ന് നടത്തി. 100 ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത 38 സ്‌പോണ്‍സര്‍മാരുടെ യോഗമാണ്‌ചേര്‍ന്നത്. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിന്റെ മോഡല്‍ യോഗത്തിന് മുന്‍പാകെ അവതരിപ്പിച്ചു. സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. ഒരോ സ്‌പോണ്‍സര്‍മാര്‍ക്കും നല്‍കുന്ന പ്രത്യേക ഐ ഡി നമ്പര്‍ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി, രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി,കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ, കെസിബിസി, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ശോഭ സിറ്റി, ഉള്‍പ്പെടെയുളള സംഘടനകളുടെ.യും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. പുനരധിവാസ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും പ്രതിനിധികള്‍ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.