അന്തർദേശീയം

ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം; ഒരു മരണം

തെഹ്‌റാന്‍ : ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം. തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ ബുഷേര്‍ ആണവ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരാള്‍ കൊല്ലപ്പെട്ടു. ബന്ദര്‍ ഇമാമിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിന് നേരെയും ആക്രമണമുണ്ടായി.

ഇറാനിലെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞാണ് യുഎസ് ആണവ പ്ലാന്റിനെ ആക്രമിച്ചിരിക്കുന്നത്. ബുഷേര്‍ ആണവ പ്ലാന്റിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. പ്ലാന്റിന് സമീപത്തുള്ള കെട്ടിടത്തിന് ആക്രമണത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ആണവ വികിരണ ഭീഷണിയില്ലെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവ കേന്ദ്രത്തിന് നേരെ യുഎസ് നടത്തിയ ആക്രമണം ഇറാന് മാത്രമല്ല, ജിസിസി രാഷ്ട്രങ്ങള്‍ക്കാകെ ഭീഷണിയുയര്‍ത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. നാല് തവണ ബുഷേര്‍ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടു. യുക്രെയ്‌നിലെ സപോറേഷ്യ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടപ്പോഴുണ്ടായ ആഗോള ആശങ്ക ബുഷേര്‍ ആണവകേന്ദ്രം ആക്രമിക്കപ്പെട്ടപ്പോള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹോര്‍മുസില്‍ ഇസ്രായേല്‍ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. ആക്രമണത്തില്‍ കപ്പലിന് തീ പിടിച്ചു. അതിനിടെ, ഹോര്‍മുസ് വഴി അവശ്യ വസ്തുക്കളും ജീവകാരുണ്യ സഹായവും കടന്നുപോകുവാന്‍ അനുവദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button