അന്തർദേശീയം

പാക് ഇടപെടലിൽ ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാനിൽ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നിർദ്ദേശം അം​ഗീകരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തികരിച്ചു. ഇറാനുമായുള്ള ദീർഘകാല സമാധാന കരാർ ചർച്ചയിൽ പുരോ​ഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനം.

ഹോർമൂസ് കടലിടുക്ക് ഉടനടി പൂർണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഉണ്ടായ ഈ നീക്കം ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. വെടിനിർത്തലിനായുള്ള ഈ നിബന്ധനകളോടു കൂടിയ കരാറിലേക്ക് നയിച്ച ചർച്ചകളിൽ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു.

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button