യുദ്ധ ആശങ്ക; പ്രതിരോധ ചെലവ് വർധിപ്പിക്കാൻ തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ

ബ്രസൽസ് : ഡോണൾഡ് ട്രംപിന്റെ നയങ്ങളും റഷ്യൻ ഭീഷണിയും ആഘാതമായി ഭവിക്കുന്നതിനിടെ, പ്രതിരോധ ചെലവിൽ വൻ വർധനവ് വരുത്തുന്നതിൽ ഏകോപിച്ച് ബ്രസ്സൽസിൽ യോഗം ചേർന്ന യൂറോപ്യൻ നേതാക്കൾ. ട്രംപ് ഭരണകൂടം സൈനിക സഹായവും ഇന്റലിജൻസ് കൈമാറ്റവും നിർത്തിവെച്ചതിനെ തുടർന്ന് യുക്രെയ്നിനുള്ള പിന്തുണ വർധിപ്പിക്കാനുള്ള നീക്കം ലക്ഷ്യമിട്ടുള്ള അടിയന്തര ചർച്ചകൾ ആണ് ഇ.യു ബ്രസൽസിൽ നടത്തുന്നത്.
‘ഇന്ന് യൂറോപ്പിൽ ഞാൻ കാണുന്ന ഒരേയൊരു സാമ്രാജ്യത്വ ശക്തി റഷ്യയാണ്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച രാത്രി മുന്നറിയിപ്പ് നൽകുകയും റഷ്യൻ പ്രസിഡന്റിനെ നെപ്പോളിയൻ ബോണപ്പാർട്ടുമായി താരതമ്യപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് ഇത് സംഭവിച്ചത്.
യൂറോപ്പിനുള്ള അസ്തിത്വ ഭീഷണിയായി തങ്ങളെ വിശേഷിപ്പിച്ചതിനുള്ള റഷ്യയുടെ പ്രതികരണങ്ങളെയും മാക്രോൺ തിരിച്ചടിച്ചു. സ്വന്തം കളി പുറത്തായതിൽ റഷ്യ വ്യക്തമായും പ്രകോപിതമായി എന്നും റഷ്യൻ ആക്രമണത്തിന് ‘അതിർത്തികളൊന്നുമില്ല’ എന്ന മുന്നറിയിപ്പ് നൽകിയ തന്റെ പ്രസംഗത്തോട് റഷ്യ പ്രതികരിച്ച അതേ രീതിയിലാണ് പ്രതികരിച്ചതെന്നും മാക്രോൺ പറഞ്ഞു.
യൂറോപ്യൻ പ്രതിരോധ ചെലവ് വർധിപ്പിക്കുന്നതിനുള്ള 800 ബില്യൺ യൂറോയുടെ പദ്ധതി നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഇത് യൂറോപ്പിനും യുക്രെയ്നും ഒരു നിർണായക നിമിഷമാണെന്ന് പറഞ്ഞു. ‘യൂറോപ്പിന്റെ പിന്തുണ ഒരു നല്ല അന്ത്യത്തിലെത്താൻ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്ന് യുക്രെയ്നിനുള്ള യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക, സൈനിക സഹായവും പിന്തുണയും ഉദ്ധരിച്ച് അവർ പറഞ്ഞു.
പ്രതിരോധത്തിനു വേണ്ടി കൂടുതൽ ചെലവഴിക്കണമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു. അതാണ് ഏറ്റവും പ്രധാനപ്പെട്ട സന്ദേശം, അതേസമയം, തീർച്ചയായും യുക്രെയ്നെ പിന്തുണക്കുന്നത് തുടരുക. കാരണം നമുക്ക് യൂറോപ്പിൽ സമാധാനം വേണമെന്നും ഫ്രെഡറിക്സെൻ കൂട്ടിച്ചേർത്തു.
തങ്ങൾ ഒറ്റക്കല്ല എന്നതിൽ വളരെ നന്ദിയുള്ളവരാണെന്ന് ഉച്ചകോടിയുടെ തീരുമാനത്തോട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി പ്രതികരിച്ചു. റഷ്യ സൈനിക ചെലവ് വർധിപ്പിക്കുകയും സൈന്യത്തെ വളർത്തുകയും ഉപരോധങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കാണാൻ തിങ്കളാഴ്ച സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സെലെൻസ്കി പിന്നീട് സോഷ്യൽ മീഡിയയിൽ പറഞ്ഞു. ‘ശേഷം, ഞങ്ങളുടെ അമേരിക്കൻ പങ്കാളികളുമായി പ്രവർത്തിക്കാൻ എന്റെ ടീം സൗദി അറേബ്യയിൽ തന്നെ തുടരു’മെന്നും അദ്ദേഹം എഴുതി.