യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപം ഹൈപ്പർസോണിക് മിസൈലാക്രമണം നടത്തി റഷ്യ

കീവ് : യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപം വ്യാഴാഴ്ച രാത്രി റഷ്യ ഹൈപ്പർസോണിക് മിസൈലാക്രമണം നടത്തി. ഇതിനു പുറമേ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഖത്തർ എംബസി കെട്ടിടത്തിനു കേടുപാടുണ്ടായി. ഏകദേശം 50,000 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചു.
ശബ്ദത്തെക്കാൾ പതിന്മടങ്ങു വേഗമുള്ളതും ആണവപോർമുന വഹിക്കാനാകുന്നതുമെന്നു റഷ്യ അവകാശപ്പെടുന്ന ‘ഒറേഷ്നിക്’ ഹൈപ്പർസോണിക് മിസൈൽ ലവിവ് മേഖലയിലാണു പ്രയോഗിച്ചത്. കഴിഞ്ഞ മാസം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതികളിലൊന്നു ലക്ഷ്യമിട്ടു നടത്തിയ ഡ്രോണാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ നിർമിച്ച ഫാക്ടറിയാണു ലക്ഷ്യമിട്ടതെന്നും റഷ്യ പ്രതികരിച്ചു. പുട്ടിന്റെ വസതിക്കുനേരെ ഡ്രോണാക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു യുക്രെയ്നിന്റെ നിലപാട്.
യൂറോപ്യൻ യൂണിയനിലും ‘നാറ്റോ’ സൈനികസഖ്യത്തിലും അംഗരാജ്യമായ പോളണ്ടിന്റെ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാറിയായിരുന്നു ഹൈപ്പർസോണിക് മിസൈലാക്രമണം. യൂറോപ്പിന്റെയാകെ സുരക്ഷയ്ക്കു ഭീഷണിയാണു റഷ്യയുടെ നടപടിയെന്നു യുക്രെയ്ൻ പ്രതികരിച്ചു. സഖ്യരാജ്യങ്ങളിൽനിന്നു യുക്രെയ്നിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന പോളണ്ടിലെ സൈനികത്താവളം ഈ അതിർത്തിയോടു ചേർന്നാണുള്ളത്.



