സൈനിക നടപടി ഭീഷണി; ട്രംപിന് മറുപടിയുമായി നൈജീരിയ

അബുജ : ക്രിസ്ത്യാനികളെ കൊല്ലാൻ അനുവദിക്കുന്നുവെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി നൈജീരിയ. തങ്ങളുടെ പ്രാദേശിക സമഗ്രതയെ മാനിക്കുന്നിടത്തോളം സായുധ സംഘങ്ങൾക്കെതിരെ പോരാടുന്നതിന് അമേരിക്കയിൽ നിന്നുള്ള സഹായം സ്വാഗതം ചെയ്യുമെന്ന് നൈജീരിയ അറിയിച്ചു.
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്ന ട്രംപിന്റെ ആരോപണം നൈജീരിയൻ അധികൃതർ നിഷേധിച്ചു. ബോകോ ഹറമും അൽ ഖാഇദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് എല്ലാ മതവിഭാഗങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്ന് നൈജീരിയൻ അധികൃതർ ചൂണ്ടിക്കാട്ടി.
ഭീകരതയുടെ ഈ വിപത്തിനെതിരെ പോരാടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ തയാറാണ്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും നൈജീരിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് കിമീബി ഇമോമോതിമി എബിയെൻഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ട്രംപ് നൈജീരിയക്കെതിരെ രംഗത്തുവന്നത്. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നുവെന്നും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയാറാണെന്നും പറഞ്ഞാണ് ട്രംപ് സൈനിക നടപടി ഭീഷണി ഉയർത്തിയത്. നൈജീരിയയിൽ സൈനിക നടപടി ആസൂത്രണം ചെയ്യാൻ പെന്റഗണിനോട് ഉത്തരവിട്ടതായി ട്രംപ് പറഞ്ഞു. സ്ഥിതിഗതികൾ ഇങ്ങനെ തുടരുകയാണെങ്കിൽ നൈജീരിയക്കുള്ള എല്ലാ സഹായങ്ങളും അമേരിക്ക ഉടൻ നിർത്തുമെന്ന് ‘ട്രൂത്ത് സോഷ്യലി’ലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.
നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിച്ചാൽ നൈജീരിയക്കുള്ള എല്ലാ സഹായവും അമേരിക്ക ഉടനടി നിർത്തലാക്കും. ഈ ഭയാനകമായ ക്രൂരത ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികളെ പൂർണമായും തുടച്ചുനീക്കും. സാധ്യമായ നടപടികൾക്ക് തയാറെടുക്കാൻ യുദ്ധവകുപ്പിനോട് നിർദേശിക്കുന്നു. നമ്മൾ ആക്രമിച്ചാൽ അത് ക്രൂരമായിരിക്കും. നൈജീരിയൻ സർക്കാർ വേഗം നടപടി സ്വീകരിക്കുന്നതാണ് നല്ലത് -എന്നായിരുന്നു ട്രംപിന്റെ ഭീഷണി.



