ദിണ്ടിഗലിലെ ആശുപത്രിയിൽ തീപിടിത്തം; ഏഴു പേർ മരിച്ചു

ചെന്നൈ : ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. വ്യാഴാഴ്ച രാത്രി 9.30 നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. മരിച്ചവരിൽ മൂന്നുവയസുള്ള ഒരു കുട്ടിയും ഉൾപ്പെട്ടുവെന്നും ആറുപേർ ലിഫ്റ്റിൽ കുടുങ്ങിയതായി സംശയമുണ്ടെന്നും അധികൃതർ പറഞ്ഞു. മരിച്ചവരിൽ മൂന്നു പേര് സ്ത്രീകളാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നൂറിലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.