‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ എത്തും, വിഴിഞ്ഞത്തേക്കുള്ള ആദ്യ മദർഷിപ്പ് ശ്രീലങ്കൻ തീരം കടന്നു
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്കുള്ള ട്രയൽ റണ്ണിന് എത്തുന്ന മദർഷിപ് സാന്‍ ഫെര്‍ണാണ്ടോ നാളെ തുറമുഖത്തെത്തും . കപ്പൽ ശ്രീലങ്കൻ തീരം കടന്നു. കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെയായിരിക്കും ബെർത്തിംഗ്. രണ്ടായിരം കണ്ടെയ്നറുകളുമായി എത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോയാണ്.
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി രണ്ടുദിവസം മാത്രമാണുള്ളത്. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പൽ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ് കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതല്‍ 9000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പല്‍ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത് .
ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ട്രയല്‍ ഓപ്പറേഷന്‍ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയല്‍ പ്രവര്‍ത്തനം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 400 മീറ്റര്‍ നീളമുള്ള വലിയ കണ്ടെയ്‌നര്‍ കപ്പല്‍ തുറമുഖത്തേക്ക് എത്തും. തുടര്‍ന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും. വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടയര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ് പൂര്‍ണതോതില്‍ നടക്കും.