കടുത്ത റഷ്യൻ അനുകൂലി, റെയ്സി അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിൻെറയും കണ്ണിലെ കരട്
പ്രോസിക്യൂട്ടറായി തുടങ്ങി ഇറാനിലെ രണ്ടാമത്തെ വലിയ നേതാവായി വളർന്ന ഇബ്രാഹിം റെയ്സി അമേരിക്ക അടങ്ങുന്ന പാശ്ചാത്യ ലോകത്തിന്റെ കണ്ണിലെ കരട്. ഉക്രെയിൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി ഇബ്രാഹിം റെയ്സി പൂർണ പിന്തുണ നൽകുന്നത് യൂറോപ്പിനെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്ക ഉപരോധമേർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിൽ റെയ്സിയുണ്ടായിരുന്നു. 2019ൽ ഡോണൾഡ് ട്രംപ് ആണ് റെയ്സിക്ക് വിലക്കേർപ്പെടുത്തിയത്.ഏറ്റവുമൊടുവിലായി എംബസി ആക്രമത്തിന് മറുപടിയായി ഇസ്രായേൽ വ്യോമത്താവളത്തിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തപ്പോഴും പാശ്ചാത്യ ലോകം റെയ്സിക്ക് നേരെയാണ് വിരൽചൂണ്ടിയത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട 63-കാരനായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസ് അസ്സാദാത്തിയെന്ന ഇബ്രാഹിം റെയ്സി . ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ഷിയ തീർഥാടന കേന്ദ്രവുമായ മശ്ഹദിൽ 1960ലാണ് റെയ്സിയുടെ ജനനം. അഞ്ചു വയസ്സായിരിക്കെ പിതാവ് മരിച്ച റെയ്സി 1979ൽ ആയത്തുല്ല റൂഹുല്ലാ ഖുമൈനി നയിച്ച ഇസ്ലാമിക വിപ്ലവത്തിൽ പങ്കാളിയായി. 25ാം വയസ്സിൽ തെഹ്റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ചു.
1988ൽ എല്ലാ രാഷ്ട്രീയ എതിർപ്പുകളും അവസാനിപ്പിച്ച് എതിരാളികൾക്ക് കൂട്ട മരണം വിധിച്ച നാല് ജഡ്ജിമാരിൽ ഒരാളാണ് റെയ്സിയെന്ന് പാശ്ചാത്യ സമൂഹം ആരോപിക്കുന്നുണ്ട്. എന്നാൽ, മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നീട് ജുഡീഷ്യറി ഉപമേധാവിയായ അദ്ദേഹം 2014ൽ ഇറാൻ പ്രോസിക്യൂട്ടർ പദവിയിലെത്തി. രണ്ടുവർഷം കഴിഞ്ഞ് രാജ്യത്തെ ഏറ്റവും ശക്തമായ മതസ്ഥാപനമായ ആസ്താനെ ഖുദ്സ് റിസവിയുടെ തലപ്പത്ത് ആയത്തുല്ല ഖൊമേനി അദ്ദേഹത്തെ നിയമിച്ചു.2017 ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റഈസി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. വൈകാതെ, അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിർണയിക്കാനുള്ള വിദഗ്ധ സഭയുടെ ഉപ ചെയർമാൻ പദവിയിലും റഈസി നിയമിതനായി.