ബഹ്റൈനിലെ ആമസോണ്‍ സെന്ററിന് നേരെ ഇറാൻ ആക്രമണം

ദുബൈ : പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ ആമസോണ്‍ കേന്ദ്രം ആക്രമിച്ചതായി ഇറാന്‍. എണ്ണ സമ്പത്തിനും, യുഎസ് സൈനിക കേന്ദ്രങ്ങളുമായിരുന്നു ആദ്യഘട്ടത്തില്‍ ഇറാന്‍ ലക്ഷ്യമിട്ടതെങ്കില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് പുതിയ ലക്ഷ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബഹ്റൈനിലെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് അന്താരാഷ്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്രമണം മെഹര്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
തങ്ങള്‍ ലക്ഷ്യമിടുന്ന 18 സ്ഥാപനങ്ങളുടെ പട്ടികയും ഇറാന്‍ പങ്കുവച്ചിരുന്നു. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങളും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. ഡെല്‍ ടെക്‌നോളജീസ്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റല്‍, ഒറാക്കിള്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്ഫോമുകള്‍ (ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം), ഐബിഎം, ജെപി മോര്‍ഗന്‍ ചേസ്, ടെസ്ല, ജനറല്‍ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആര്‍ജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കന്‍ കമ്പനികള്‍.



