ഇന്ത്യയിൽ ഭക്ഷ്യവില കുതിക്കുന്നു, സാമ്പത്തിക അസമത്വവും : സാമ്പത്തിക സർവേ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യോൽപന്ന വിലനിലവാരം (ഫുഡ് ഇൻഫ്ലേഷൻ) കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തിൽനിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവർഷത്തെ വളർച്ച. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, കാലംതെറ്റിപ്പെയ്ത മഴ, മോശം മൺസൂൺ, വരൾച്ച എന്നിവ കാർഷികോൽപാദനത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ചില്ലറ വിലക്കയറ്റത്തോത് (റീറ്റെയ്ൽ ഇൻഫ്ളേഷൻ) 2022-23ലെ 6.7ൽ നിന്ന് 2023-24ൽ 5.4 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണെന്നും റിപ്പോർട്ട് പറയുന്നു.
രാജ്യത്ത് മൊത്തം വരുമാനത്തിന്‍റെ 6-7 ശതമാനവും നേടുന്നത് ജനസംഖ്യയിലെ ഉയർന്ന സാമ്പത്തികശേഷിയുള്ള ആദ്യ 6-7 ശതമാനം പേരാണെന്നും വരുമാനത്തിന്‍റെ മൂന്നിലൊന്നും നേടുന്നത് ആദ്യ 10 ശതമാനം പേരാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയിൽ രണ്ടിലൊന്ന് പേരും തൊഴിൽ വൈദഗ്ധ്യമുള്ളവരല്ല. നിർമാണ (കൺസ്ട്രക്‌ഷൻ) മേഖലയാണ് തൊഴിലവസരങ്ങളിൽ കൂടുതൽ വളർച്ച നേടുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ളവരെ കൂടുതലായി ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇന്ത്യയുടെ ധനക്കമ്മി 2025-26ൽ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സർവേ പറയുന്നു