മേറ്റർ ദേയ് ആശുപത്രിയിലെ ഇന്ത്യൻ വനിതാ നഴ്സിനെ കുത്തി; ഇന്ത്യക്കാരനായ പുരുഷ നഴ്‌സ് അറസ്റ്റിൽ

മേറ്റർ ദേയ് ആശുപത്രിയിലെ ഇന്ത്യൻ വനിതാ നഴ്സിനെ സഹപ്രവർത്തകൻ കുത്തി. ആക്രമണം നടത്തിയതായി കരുതുന്ന നഴ്സും ഇൻഡ്യാക്കാരനാണ്. 41 വയസുള്ള വനിതാ നഴ്സിന് തോളിലാണ് കുത്തേറ്റത്. ഇവരെ മേറ്റർ ദേയ് യുടെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോപണവിധേയനായ അക്രമിയെ ഉടനടി സസ്‌പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി ജോ എറ്റിയൻ അബേലയും ആശുപത്രി അധികൃതരും വ്യക്തമാക്കി.
മെഡിക്കൽ വാർഡിലെ (M11) ഷിഫ്റ്റ് മാറ്റത്തിനിടെ 36 വയസ്സുള്ള ഒരു പുരുഷ സഹപ്രവർത്തകനുമായി വനിതാ നഴ്‌സ് തർക്കത്തിൽ ഏർപ്പെട്ടതായും തുടർന്ന് പുരുഷ നഴ്‌സ് അവരുടെ തോളിൽ കുത്തിയതായുമാണ് പ്രാഥമിക വിലയിരുത്തൽ. “സംഭവം നഴ്‌സിംഗ് കൗൺസിലിൽ റിപ്പോർട്ട് ചെയ്യാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എംഡിഎച്ച് മാനേജ്‌മെന്റ് മാൾട്ട പോലീസുമായി സഹകരിക്കുകയും തുടരുകയും ചെയ്യും,” ജോ എറ്റിയൻ അബേല പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അബേല പരിക്കേറ്റ നഴ്‌സിനെ സന്ദർശിച്ചു. വെള്ളിയാഴ്ച ആക്രമണകാരിയെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഇരയുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി വ്യക്തമാക്കി.ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതവും ആദരണീയവുമായ അന്തരീക്ഷം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആശുപത്രി അറിയിച്ചു. രാത്രി 7.15 ഓടെയാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് പോലീസും വ്യക്തമാക്കി. സ്ഥലത്ത് എത്തിയപ്പോഴേക്കും പുരുഷ നഴ്‌സ് ആശുപത്രി വിട്ടിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് ആളെ അറസ്റ്റ് ചെയ്തത്.വരും ദിവസങ്ങളിൽ ആ വ്യക്തിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.