ദേശീയം

പ്ലാസ്റ്റിക് മലിനീകരണത്തില്‍ ലോക രാജ്യങ്ങളെ മറികടന്ന് ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി : ലോകത്തെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 20 ശതമാനത്തിനും (അഞ്ചില്‍ ഒന്ന്) ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിവര്‍ഷം ഇന്ത്യ ഏകദേശം 58 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകള്‍ കത്തിക്കുകയും 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യ പ്രതിവര്‍ഷം 93 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്നു. ഇത് മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണ്. നൈജീരിയ (35 ലക്ഷം ടണ്‍), ഇന്തോനേഷ്യ (34 ലക്ഷം ടണ്‍), ചൈന (28 ലക്ഷം ടണ്‍) ഇങ്ങനെയാണ് മറ്റ് കണക്കുകള്‍. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം ഏകദേശം 25 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍,ഏകദേശം 200,000 ഒളിംപിക് നീന്തല്‍ക്കുളങ്ങളില്‍ നിറയ്ക്കാന്‍ സാധിക്കുന്നത്. ഇതിന്റെ അഞ്ചിലൊന്ന്, അതായത് 52.1 ദശലക്ഷം ടണ്‍ പരിസ്ഥിതിയിലേക്ക് വിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശേഖരിക്കുകയും റീസൈക്കിള്‍ ചെയ്യുകയോ അല്ലെങ്കില്‍ ലാന്‍ഡ്ഫില്ലുകളിലേക്ക് അയയ്ക്കുകയോ ചെയ്യുന്ന പ്ലാസ്റ്റിക്കുകളെ ഗവേഷകര്‍ ‘മാനേജ്ഡ് വേസ്റ്റ്’ ആയി തരംതിരിക്കുന്നു. എവറസ്റ്റ് കൊടുമുടി മുതല്‍ മരിയാന ട്രെഞ്ച് വരെ, ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥയെ മലിനമാക്കുന്ന, അല്ലെങ്കില്‍ തുറന്ന തീയില്‍ കത്തിക്കുന്ന മാലിന്യമായി മാറുന്ന പ്ലാസ്റ്റിക്കിനെയാണ് ‘അണ്‍മാനേജ്ഡ്’ മാലിന്യങ്ങളായി കണക്കാക്കുന്നത്. ഇവ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കും. സൂക്ഷ്മ കണികകളും കാര്‍ബണ്‍ മോണോക്‌സൈഡ് പോലെയുള്ള ദോഷകരമായ വാതകങ്ങളും ഇവ പുറന്തള്ളുന്നു.

‘അണ്‍മാനേജ്’ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏകദേശം 43 ശതമാനം അഥവാ 2.22 കോടി ടണ്‍ കത്താത്ത അവശിഷ്ടങ്ങളാണ്, ബാക്കിയുള്ള 2.99 കോടി ടണ്‍ മാലിന്യം തള്ളുന്ന സ്ഥലങ്ങളിലോ പ്രാദേശികമായോ കത്തിക്കുന്നവയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button