മാധ്യമങ്ങളെയും എൻ ജി ഒകളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഒരുങ്ങി ഹംഗറി

ബുഡാപെസ്റ്റ് : ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളെയും സർക്കാരിതര സംഘടന( എൻ ജി ഒ) കളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഹംഗേറിയൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള ബിൽ ഭരണകക്ഷിയായ ഫിഡെസ് പാർട്ടിയുടെ അഗം ഹംഗറി പാർലമെന്റിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഈ ബിൽ നിയമമായാൽ സർക്കാരിന് ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് സർക്കാർ കരുതുന്ന സംഘടനനകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പിഴ ചുമത്താനും നിരോധിക്കാനും സാധിക്കും.
ഹംഗറി സർക്കാർ കാലങ്ങളായി മാധ്യമങ്ങൾക്കും എൻ ജി ഒകൾക്കുമെതിരെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഈ ബിൽ എന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കഴിഞ്ഞ 15 വർഷമായി അധികാരത്തിൽ തുടരുകയാണ്. അടുത്തവർഷം ദേശീയ തലത്തിൽ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ഹംഗറി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുന്ന, നിയമപരവും മനുഷ്യാവകാശപരവുമായ സഹായം വാഗ്ദാനം ചെയ്യുന്ന, ഔദ്യോഗിക അഴിമതി തുറന്നുകാട്ടുന്നവരെ കളങ്കപ്പെടുത്താനും തടസ്സപ്പെടുത്താനും ശ്രമിക്കുന്നതായി നേരത്തെ തന്നെ ഹംഗറി സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഇത്തരം നിയമങ്ങൾ പാസാക്കിക്കൊണ്ട് വിക്ടർ ഓർബൻ വർഷങ്ങളായി എൻജിഒകൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും എതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിമർശകർ ആരോപിക്കുന്നു.
വിദേശ സ്വാധീനം ചെലുത്തുന്നതായി സർക്കാർ കരുതുന്ന സംഘടനകളെയും മാധ്യമങ്ങളെയും കുറിച്ച് അന്വേഷിക്കാൻ 2023-ൽ പരമാധികാര സംരക്ഷണ (സോവറിനിറ്റി പ്രൊട്ടക്ഷൻ) ഓഫീസ് എന്ന അതോറിട്ടി ആരംഭിച്ചുകൊണ്ടാണ് ഈ ശ്രമങ്ങൾ ശക്തമാക്കിയയത്.
ചൊവ്വാഴ്ച അവതരിപ്പിച്ച ബിൽ, ഹംഗറിയുടെ പരമാധികാരത്തിന് ഭീഷണിയായി കണക്കാക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശാലമായ നിർവചനമാണ് നൽകുന്നത്. ഹംഗറിയുടെ ജനാധിപത്യ സ്വഭാവം, ദേശീയ ഐക്യം, പരമ്പരാഗത കുടുംബ ഘടനകൾ, അല്ലെങ്കിൽ ക്രിസ്ത്യൻ സംസ്കാരം തുടങ്ങിയ മൂല്യങ്ങളെ എതിർക്കുകയോ നിഷേധാത്മകമായി ചിത്രീകരിക്കുകയോ ചെയ്യുന്നവരെ ഇതിൽ ഉൾപ്പെടുത്താം. സർക്കാർ നയത്തെക്കുറിച്ചുള്ള വിമർശനം പോലും ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.
നിലവിൽ അവതരിപ്പിച്ചിട്ടുള്ള ബിൽ, നിയമമായാൽ ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് സർക്കാരിന് തോന്നുന്ന സംഘടനകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പിഴ ചുമത്താനും നിരോധിക്കാനും സാധിക്കും, ഇത് , ഹംഗറിയുടെ ഏറെ വിവാദമായ പരമാധികാര സംരക്ഷണ ഓഫീസിന്റെ അധികാരം ശക്തിപ്പെടുത്തും, നിർദ്ദിഷ്ട നിയമത്തിന് കീഴിൽ, സംഘടനകളെ സർക്കാർ ഉത്തരവ് പ്രകാരം പട്ടികയിൽ ഉൾപ്പെടുത്താനും, “വിദേശ പിന്തുണയോടെ പൊതുജീവിതത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഹംഗറിയുടെ പരമാധികാരത്തെ അപകടത്തിലാക്കുന്നു” എന്ന് സർക്കാർ കണ്ടെത്തിയാൽ , പ്രധാന ഫണ്ടിങ് പിൻവലിക്കാനും, കഠിനമായ സാമ്പത്തിക പിഴകൾ ചുമത്താനും കഴിയും.
ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാനും പുതിയ വ്യവസ്ഥകൾ ലംഘിക്കുന്നതായി കരുതപ്പെടുന്ന അക്കൗണ്ടുകളിലേക്കും ഇടപാടുകളിലേക്കും പ്രവേശനം തടയാനും ബിൽ അനുവദിക്കും.
പട്ടികയിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് ഹംഗറിയുടെ 1% വ്യക്തിഗത ആദായനികുതി പദ്ധതിയിലൂടെ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകും – ഇത് പല ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്കും ഒരു പ്രധാന ധനസഹായ സ്രോതസ്സാണ് – കൂടാതെ ഏതെങ്കിലും വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് ദേശീയ നികുതി അതോറിറ്റിയിൽ നിന്ന് പ്രത്യേക അംഗീകാരം നേടേണ്ടതുണ്ട്.
ഇതിന് പുറമെ ഈ പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്ന സംഘടനകൾക്ക് സംഭാവന നൽകുന്ന ഹംഗേറിയൻ പൗരന്മാർ അവരുടെ സംഭാവനകൾ വിദേശത്ത് നിന്ന് ലഭിച്ചതല്ലെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക സത്യവാങ്മൂലം സമർപ്പിക്കണം. നിരോധിത സ്രോതസ്സുകളിൽ നിന്ന് സഹായം ലഭിച്ചതായി കണ്ടെത്തിയാൽ സംഘടനകൾക്ക് മേൽ സംഭാവനയുടെ മൂല്യത്തിന്റെ 25 മടങ്ങ് പിഴ ചുമത്തുമെന്നും പറയുന്നു.
സർക്കാരിൽ നിന്നുള്ള നിയമപരവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിച്ചുവരുന്നതിനാൽ, ഹംഗറിയിലെ പല സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളും എൻജിഒകളും അവരുടെ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര ഗ്രാന്റുകളെയും സഹായത്തെയും കൂടുതലായി ആശ്രയിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമം കൊണ്ടുവരുന്നത്.
പരമാധികാര സംരക്ഷണ ഓഫീസിനെ, റഷ്യയുടെ “വിദേശ ഏജന്റ്” നിയമം പോലെയാണെന്ന് സർക്കാർ വിമർശകർ പറയുന്നു. എൻജിഒകളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ള സർക്കാർ വിമർശകരെ ഏകപക്ഷീയമായി ലക്ഷ്യം വയ്ക്കാൻ ഇത് ഉപയോഗിക്കാമെനാകുമെന്ന് അവർ ആശങ്ക പ്രകടിപ്പിക്കുന്നു.