അന്തർദേശീയം

ആഗോളതലത്തിൽ പട്ടിണി വൻ തോതിൽ ഉയർന്നു : ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക് : ആഗോളതലത്തിൽ പട്ടിണി വൻ തോതിൽ ഉയർന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2025ൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. ഭക്ഷ്യ അരക്ഷിതാവസ്ഥയും കുട്ടികളിലെ പോഷകാഹാരക്കുറവും തുടർച്ചയായ ആറാം വർഷവും വർധിച്ചു. 53 രാജ്യങ്ങളിലെ 295 മില്യൺ ജനങ്ങളെ ഈ പ്രതിസന്ധി ബാധിക്കുമെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ 2025ലെ ഭക്ഷ്യ പ്രതിസന്ധികളെ കുറിച്ചുള്ള ആഗോള റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക തിരിച്ചടികളുമാണ് പട്ടിണി വർധിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പഠനത്തിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2023നെ അപേക്ഷിച്ച് പട്ടിണി നിലവാരത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും മോശം സാഹചര്യമുള്ള മേഖലകളിലെ 22.6 ശതമാനം ജനങ്ങൾ ഗുരുതരമായ പട്ടിണി നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എൽ നിനോ പ്രഭാവം മൂലമുള്ള വരൾച്ചയും വെള്ളപ്പൊക്കവും 18 രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഇത് തെക്കൻ ആഫ്രിക്ക, തെക്കൻ ഏഷ്യ, ഹോൺ ഓഫ് ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ 96 മിലൺ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിച്ചു.

‘അപകടകരമായി വഴിതെറ്റിയ ഒരു ലോകത്തിനെതിരായ കുറ്റപത്രം’ എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസ് റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്. ഗസ്സ, യമൻ, സുഡാൻ, മാലി എന്നിവിടങ്ങളിലെ സംഘർഷവും മറ്റു ഘടങ്ങളും മൂലം പട്ടിണി റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്നു. ഇത് കുടുംബങ്ങളെ വിശപ്പിന്റെ മുനമ്പിലേക്ക് തള്ളിവിടുന്നുവെന്നും ഗുട്ടിറസ് പറഞ്ഞു. ഇത് സിസ്റ്റത്തിന്റെ മാത്രം പരാജയമല്ല, മാനവികതയുടെ പരാജയമാണ്. 21-ാം നൂറ്റാണ്ടിലെ വിശപ്പ് താങ്ങാനാവാത്തതാണ്. ഒഴിഞ്ഞ വയറുകളോട് ഒഴിഞ്ഞ കൈകളുമായി നമുക്ക് പുറംതിരിഞ്ഞു നിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ, സുഡാൻ, സിറിയ, യമൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത്. 2024ൽ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വർധിച്ചെന്നും റിപ്പോർട്ട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button