5,000 സൈനികരെ ലിത്വാനിയയിലേക്ക് അയച്ച് ജർമ്മനി; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യം

വില്നീയസ് : രണ്ടാം ലോക മഹായുദ്ധ അതുവരെ ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയാധികാര ശക്തികളെ അപ്പാടെ തകിടം മറിക്കുകയും പുതിയ അധികാര കേന്ദ്രങ്ങൾ ഉയര്‍ന്ന് വരുന്നതിനും കാരണമായി. യുദ്ധത്തോടെ അച്ചുതണ്ട് ശക്തികൾ എന്ന് അറിയപ്പട്ടിരുന്ന ജർമ്മനിയും ജപ്പാനും ഇറ്റലിയും ലോക രാഷ്ട്രീയത്തില്‍ നിന്നും ലോക സൈനിക ശക്തിയില്‍ നിന്നും നിഷ്കാസിതരായി. യുദ്ധാനന്തരം ഈ രാജ്യങ്ങൾ അമേരിക്കന്‍ സഖ്യകക്ഷികളായി പരിണമിക്കപ്പെട്ടു. നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷന്‍റെ (NATO) ഭാഗമാണ് ഇന്ന് ഇറ്റലിയും ജർമ്മനിയും. യൂറോപ്പിന് ഭീഷണിയായ റഷ്യയെ എതിർക്കാനായി യുഎസിന്‍റെ നേതൃത്വത്തില്‍ 1949 -ൽ രൂപീകരിച്ച സൈനിക സഖ്യമാണ് നെറ്റോ.
1939 സെപ്തംബര്‍ ഒന്നിന് ആരംഭിച്ച് 1945 -ല്‍ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി സ്വന്തം സൈന്യത്തെ മറ്റൊരു രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് അയക്കുകയാണ് ജർമ്മനി. നെറ്റോയുടെ കീഴിലാണ് 5,000 പേരടങ്ങുന്ന ജർമ്മന്‍ പട ലിത്വാനിയയിൽ എത്തിയത്. യുക്രൈന്‍ അധിനി വേശത്തിന് പിന്നാലെ റഷ്യ, തങ്ങളെയും ലക്ഷ്യം വയ്ക്കുമോയെന്ന ഭയം ലിത്വാനിയയ്ക്കും ലാത്വിയയ്ക്കുമുണ്ട്. 2004 -ലാണ് ഇരുരാജ്യങ്ങളും നെറ്റോ സഖ്യ കക്ഷികളായത്. തങ്ങളുടെ സഖ്യ കക്ഷികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ നടപടികളുടെ ഭാഗമായാണ് ജർമ്മന്‍ പട നെറ്റോയുടെ നേതൃത്വത്തില്‍ ലിത്വാനിയയിലേക്ക് എത്തിയത്. 200 സിവിലിയന്‍ സ്റ്റാഫുകളും 4,800 സൈനികരും അടങ്ങുന്ന ജർമ്മനിയുടെ ഏറ്റവും പുതിയ കോംബാക്റ്റ് യൂണിറ്റായ 45 -ാം ബ്രിഗേഡിനെയാണ് ജർമ്മനി ലിത്വാനിയയിലേക്ക് അയച്ചത്. 2027 -ഓടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാല്‍ട്ടിക്ക് തീരത്തെ സുരക്ഷ ‘ഞങ്ങളുടെ സുരക്ഷ’ എന്നാണ് സംഭവത്തെ കുറിച്ച് സംസാരിക്കവെ ജർമ്മന്‍ ചാന്‍സ്‍ലർ ഫ്രഡ്രിച് മേഴ്സ് വിശേഷിപ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയുടെ സൈനിക ഭീഷണിക്കെതിരെ യുറോപ്യന്‍ പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജർമ്മന്‍ സൈനികർ രാജ്യത്ത് എത്തി ചേര്‍ന്ന ദിവസത്തെ ‘ചരിത്രപരമായ ദിവസം’ എന്നാണ് ലിത്വാനിയന്‍ പ്രസിഡന്‍റ് ജിതാനാസ് നൗസെഡാ വിശേഷിപ്പിച്ചത്. ഇതിന് മുമ്പ് ലിത്വാനിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് ജർമ്മനി നെറ്റോയുടെ ഭാഗമായി സൈന്യത്തെ അയച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒരു നിശ്ചിത കാലത്തേക്ക് ആയിരുന്നു. എന്നാല്‍, ഇത്തവണ ജർമ്മന്‍ സൈന്യം ലിത്വാനിയയില്‍ സ്ഥിരമായിരിക്കും.
ബാൾട്ടിക് സമുദ്രതീരത്തുള്ള പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ചെറിയ പ്രദേശമായ കലിനിഗ്രാഡ് റഷ്യയുടെ അധീനതയിലുള്ള പ്രദേശമാണ്. ഇതാണ് ലിത്വാനിയുടെ അസ്വസ്ഥതകൾ വര്‍ദ്ധിക്കാന്‍ കാരണം.നാറ്റോ സൈനിക സഹായം നല്‍കുമെങ്കിലും യുക്രൈന്‍ കീഴടക്കിയാല്‍ റഷ്യ അടുത്തതായി തങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് യുറോപ്പിലെ ലിത്വാനിയയടക്കമുള്ള കുഞ്ഞന്‍ രാജ്യങ്ങൾ ഭയക്കുന്നു. കൂടുതല്‍ നെറ്റോ സാന്നിധ്യം അവശ്യപ്പെടാന്‍ ലിത്വാനിയയെ പ്രേരിപ്പിച്ചതും ഈ ഭയമാണ്.