കൊച്ചിയിൽ വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ രാത്രി ഫയര്‍ അലാം മുഴങ്ങി; പുറത്തേക്കിറങ്ങിയോടിയ യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി : ട്രെയിന്‍ യാത്രക്കിടെ ഫയര്‍ അലാം മുഴങ്ങിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് തീപ്പിടിത്ത മുന്നറിയിപ്പായി അലാം മുഴങ്ങിയത്. യാത്രക്കാര്‍ പരിഭ്രാന്തരായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
ബി 8 2-എസി കോച്ചിലാണ് സംഭവം. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് എത്തുന്നതിനു മുന്‍പായിരുന്നു അപ്രതീക്ഷിതമായി അലാം മുഴങ്ങിയത്. ഫയര്‍ ഇന്‍ ദി കോച്ച്, ഇവാക്വേറ്റ് (കോച്ചില്‍ തീ, ഒഴിഞ്ഞുപോവുക) എന്ന് അലാമിനോടൊപ്പം സന്ദേശവും മുഴങ്ങി. ഇതോടുകൂടി യാത്രക്കാര്‍ വാതില്‍ക്കലേക്ക് ഇറങ്ങി ഓടി. ചങ്ങല വലിച്ച് ട്രെയിന്‍ നിന്നതോടെ എല്ലാവരും തിരക്കിനിടയില്‍ പുറത്തിറങ്ങുമ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റു. ജീവനക്കാര്‍ വന്ന് പരിശോധിച്ച് മടങ്ങി. തുടര്‍ന്നാണ് ട്രെയിന്‍ വീണ്ടും യാത്ര ആരംഭിച്ചത്.
ട്രെയിന്‍ നിര്‍ത്തിയ സ്ഥലം താഴ്ചയുള്ളിടത്തായതിനാല്‍ വേഗത്തില്‍ ഇറങ്ങാനും കയറാനും ആളുകള്‍ ബുദ്ധിമുട്ടി. ചില ശബരിമല തീര്‍ഥാടകര്‍ ആരതി ഉഴിഞ്ഞതാണ് അലാം അടിക്കാന്‍ കാരണമെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല.



