ഇഞ്ചുറി ടൈം ഗോളിലൂടെ ഡച്ച് പടയെ തകർത്തു, ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ
ഡോർട്ട്മുണ്ട്: പകരക്കാരനായി ഇറങ്ങിയ ഒലീ വാട്കിൻസിന്റെ അത്യുഗ്രൻ വലംകാലൻ ഷോട്ടിൽ ഓറഞ്ച് സ്വപ്‌നങ്ങൾ പൊലിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെതർലാൻഡ്‌സിനെ തകർത്ത് ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം യൂറോ ഫൈനലിലേക്ക് (2-1). എക്‌സ്ട്രാ സമയത്തേക്ക് മത്സരം നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 90+1 മിനിറ്റിൽ വാട്കിൻസ് വിജയമുറപ്പിച്ച ഗോൾ നേടിയത്. ഹാരി കെയിനാണ്(പെനാൽറ്റി-18) ഇംഗ്ലണ്ടിന്റെ മറ്റൊരു ഗോൾ സ്‌കോറർ. ഡച്ച് പടക്കായി സാവി സിമൻസ്(7) ലക്ഷ്യംകണ്ടു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. തുടർച്ചയായി രണ്ടാം ഫൈനലിലേക്കാണ് ഗ്യാലരത്ത് സൗത്ത് ഗേറ്റും സംഘവും പ്രവേശിക്കുന്നത്. ഡോർട്ട്മുണ്ട് സ്‌റ്റേഡിയത്തിൽ നെതർലാൻഡ്‌സ് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഡോൺയെൽ മാലെനും സാവി സിമോൺസും കോഡി ഗാക്‌പോയും ചേർന്നുള്ള മുന്നേറ്റങ്ങൾ തുടക്കത്തിൽ ഇംഗ്ലണ്ട് ബോക്‌സിൽ സമ്മർദ്ദം തീർത്തു. എന്നാൽ അതിവേഗം കളിയിലേക്ക് മടങ്ങിയെത്തിയ ഇംഗ്ലണ്ട് ഓറഞ്ച് പടയെ അതേ നാണയത്തിൽ തിരിച്ചടിച്ചു. മുൻ മത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി ഫിൽ ഫോഡൻ മിന്നും പ്രകടനമാണ് നടത്തിയത്. ബുകായോ സാക്ക-ഫിൽ ഫോഡൻ-ജൂഡ് ബെല്ലിങ്ഹാം മുന്നേറ്റത്തിലൂടെ ഡച്ച് ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. ഏഴാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സാവി സിമോൺസ് വലകുലുക്കി.
ഡെക്ലാൻ റൈസിൽ നിന്ന് പന്ത് തട്ടിയെടുത്ത് മുന്നേറിയ സിമോൺസ് ഉതിർത്ത അത്യുഗ്രൻ ലോങ് റേഞ്ചർ ജോർദാൻ പിക്‌ഫോർഡിനെ കാഴ്ചക്കാരനാക്കി വലയിൽ കയറി. ഗോൾ വീണതോടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചു. 13ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിന്ന് കെയിൻ അടിച്ച ഷോട്ട് ഗോൾകീപ്പർ വെർബ്രുഗൻ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ സാക്കയുടെ മുന്നേറ്റം ഡച്ച് ബോക്‌സിനെ വിറപ്പിച്ചു. സാക്കയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറി ഹാരി കെയിൻ ബോക്‌സിനുള്ളിൽ നിന്ന് ഉതിർത്ത വോളിക്കുള്ള ശ്രമം തടയാനുള്ള ഡെൻസെൽ ഡംഫ്രീസിന്റെ ശ്രമം ഫൗളിൽ കലാശിച്ചു. വാർ പരിശോധനയിൽ പെനാൽറ്റിയിലേക്ക് റഫറി വിരൽചൂണ്ടി. കിക്കെടുത്ത കെയിൻ അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ ഫിൽ ഫോഡൻ ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. മറുഭാഗത്ത് ഡംഫ്രീസിന്റെ ഹെഡ്ഡർ ശ്രമവും ബാറിലുടക്കി മടങ്ങി. പ്രതിരോധ താരങ്ങളെ മറികടന്ന് മുന്നേറി ഫിൽഫോഡൻ പോസ്റ്റിലേക്ക് തട്ടിയിട്ട പന്ത് ഗോൾലൈൻ സേവിലൂടെ ഡംഫ്രീസ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളംനിറഞ്ഞെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. അവസാന മിനിറ്റിൽ വരുത്തിയ മാറ്റമാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നത്. 81ാം മിനിറ്റിലാണ് ക്യാപ്റ്റൻ ഹാരി കെയിനെ പിൻവലിച്ച് വാട്കിൻസിനെ ഗ്യാരത്ത് സൗത്ത് ഗേറ്റ് കളത്തിലിറക്കുന്നത്. ഇഞ്ചുറി സമയത്തെ ആദ്യമിനിറ്റിൽ മത്സരവും ഫൈനൽ പ്രവേശനവുമുറപ്പിക്കുന്ന ഗോളും നേടി താരം ത്രീലയൺസിന്റെ ഹീറോയായി.പകരക്കാരനായി ഇറങ്ങിയ കോൾ പാൽമർ ബോക്‌സിലേക്ക് നൽകിയ ത്രൂബോൾ സ്വീകരിച്ച വാട്കിൻസ് രണ്ടാം ടെച്ചിൽ കിടിലൻ വലംകാലൻ ഷോട്ടിലൂടെ പന്ത് വലയിലാക്കി. നെതർലാൻഡ്‌സ് ഗോൾകീപ്പർക്ക് നിസഹായനായി നോക്കിനിൽക്കാനേ ആയുള്ളൂ.