ദേശീയം

യുഎസ് നാടുകടത്തിയവര്‍ക്ക് ഇ ഡി നോട്ടീസ്; ഡങ്കി റൂട്ടുകളിലെ ഏജന്റുമാര്‍ക്കെതിരെ അന്വേഷണം

ചണ്ഡീഗഢ് : അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ്. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് 11 പേര്‍ക്ക് ഇഡി സമന്‍സ് അയച്ചത്. പഞ്ചാബ് സ്വദേശികളായ പത്ത് പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

വിവിധ തീയതികളിലായി ഇ ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎസിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് വിവിധ ട്രാവല്‍ ഏജന്റുമാര്‍ക്ക് എതിരെ 15 കേസുകളാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് 11 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടില്ലെന്നാണ് വിവരം.

ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടി വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആളുകളെ തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ മുതല്‍ യുഎസ് യാത്രയ്ക്കിടയിലെ വിവിധ രാജ്യങ്ങളിലെ ദല്ലാളുമാര്‍ വരെ വലിയൊരു സംഘം കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും വിമാനത്തില്‍ തുടങ്ങുന്ന യാത്ര പിന്നീട് കാല്‍നടയായി കാടുകളും പുഴകളും പിന്നിട്ട് മെക്‌സികോ വഴി യുഎസിലേക്ക് എത്തുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. യുഎസില്‍ നിന്നും അമൃത്സര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയവരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ ഏകദേശം 44 കോടിയിലധികം രൂപയുടെ ഇടപാടാണ് ട്രാവല്‍ ഏജന്‍സികള്‍ മുഖേന നടന്നിട്ടുള്ളത്. യുഎസ് യാത്രക്കായി ഒരു വ്യക്തി ശരാശരി 40-50 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

യുഎസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ 345 ഇന്ത്യക്കാരെയാണ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയത്. ഇതില്‍ 131 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. മെച്ചപ്പെട്ട ജീവിതം തേടിയുള്ള യുവാക്കളുടെ പ്രതീക്ഷകള്‍ ചൂഷണം ചെയ്യുന്ന ഏജന്റുമാര്‍ ‘ഡങ്കി റൂട്ട്’, വിദ്യാര്‍ത്ഥി വിസകള്‍, വ്യാജ വിവാഹങ്ങള്‍ തുടങ്ങിയ വഴികള്‍ വാഗ്ദാനം ചെയ്താണ് ഇരകളെ കണ്ടെത്തുന്നത്. ഇത്തരം സംഭവങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പഞ്ചാബില്‍ മാത്രം 3,225 കേസുകളാണ് ട്രാവല്‍ ഏജന്റുമാര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2012 ലെ പഞ്ചാബ് മനുഷ്യക്കടത്ത് തടയല്‍ നിയമപ്രകാരം 1,100 ല്‍ അധികം കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button