ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടത് ജോലി ചെയ്യാത്തതുകൊണ്ട് : ഇലോൺ മസ്ക്

ന്യൂയോർക്ക് : ജോലി ചെയ്യാത്തതുകൊണ്ടാണ് ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടതെന്ന് ഇലോൺ മസ്ക്. 2022ൽ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മസ്ക് ഏറ്റെടുത്തതിനു പിന്നാലെയാണ് പരാഗിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവനായി മസ്ക് പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം പല വകുപ്പുകളിൽ നിന്നും വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. നന്നായി ജോലി ചെയ്യാത്ത ഫെഡറൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്ന് മസ്ക് പറഞ്ഞിരുന്നു.
പിരിച്ചു വിടൽ പ്രഖ്യാപനത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മസ്കിനെതിരെ വിമർശനം ഉയരുകയാണ്. ഇതിൽ ഒരു പോസ്റ്റിന് മറുപടി പറഞ്ഞുകൊണ്ടായിരുന്നു പരാഗ് അഗർവാളിനെ പിരിച്ചു വിട്ട വിഷയത്തിൽ മസ്ക് പ്രതികരിച്ചത്. മൂന്ന് കൊല്ലം മുൻപ് പരാഗ് അഗർവാളിനോട് ചെയ്തത് തന്നെയാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരോടും മസ്ക് ചെയ്യാൻ പോകുന്നതെന്ന് ഒരാൾ കുറിച്ചു. ഒന്നും( ജോലി) ചെയ്യാത്തതുകൊണ്ടാണ് പരാഗിനെ പിരിച്ചു വിട്ടതെന്നായിരുന്നു മസ്കിന്റെ മറുപടി.
2011 ലാണ് പരാഗ് അഗർവാൾ ട്വിറ്ററിൽ ജോലിയിൽ പ്രവേശിച്ചത്. താമസിയാതെ കമ്പനിയുടെ സോഫ്റ്റ്‌വേർ എൻജിനിയർ പദവിയിലേക്കുയർന്നു. മുംബൈ ഐ.ഐ.ടി.യിലും സ്റ്റാൻഫോഡ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ട്വിറ്ററിൽ ചീഫ് ടെക്നോളജി ഓഫീസറായിരിക്കെ സി.ഇ.ഒ. സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. കമ്പനിയുടെ സഹസ്ഥാപകൻ ജാക് ഡോസീ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2021 ലാണ് പരാഗ് തലപ്പത്തെത്തിയത്.
2022 ലാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. മസ്കിന്റെ വരവിൽ അസ്വസ്ഥരായ ട്വിറ്റർ ജീവനക്കാരിൽ പരാഗ് അഗർവാളും ഉണ്ടായിരുന്നു. മസ്‌കിന്റെ ഏറ്റെടുക്കലിനെ ചെറുക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു അദ്ദേഹവും. എന്നാൽ മസ്‌ക് വാഗ്ദാനം ചെയ്ത വില തള്ളിക്കളയാൻ ട്വിറ്ററിലെ നിക്ഷേപകർക്ക് സാധിച്ചില്ല. പിന്നീട് ഏറ്റെടുക്കലിൽ നിന്ന് പിൻമാറാൻ മസ്‌ക് ചില നാടകീയ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിലത് ഏറ്റെടുക്കലിൽ തന്നെ കലാശിക്കുകയായിരുന്നു.
തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഒഴിവാക്കാനാണ് മസ്‌ക് ആദ്യം തന്നെ ശ്രമിച്ചത്. അതുകൊണ്ടുതന്നെ മസ്‌കിനെ എതിർത്ത പരാഗ് ഉൾപ്പടെയുള്ളവരെ മസ്‌ക് പിരിച്ചുവിട്ടു. ഇതിനൊപ്പം തന്നെ കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനെന്ന പേരിൽ പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. നിരവധിയാളുകൾ സ്വമേധയാ പിരിഞ്ഞുപോയി.