ജിബൂട്ടിയിൽ വമ്പന്‍ നാവിക താവളവുമായി ചൈന: ചിത്രങ്ങള്‍ പുറത്ത്, ലക്ഷ്യം ഇന്ത്യ
ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിച്ച ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിലേക്ക് എത്തിയതായി റിപ്പോർട്ട്
ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിച്ച ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് ഇവിടുന്ന് സഹായങ്ങള്‍ നല്‍കുന്നുവെന്നുമാണ് ഉപഗ്രഹ ചിത്രങ്ങൾ സഹിതം ദേശീയമാധ്യമമായ എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. ജിബൂട്ടിയിലെ ചൈനയുടെ താവളം അവരുടെ ആദ്യത്തെ വിദേശ സൈനിക താവളമായിട്ടാണ് അറിയപ്പെടുന്നത്.
ഏകദേശം 590 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിക്കുന്ന വ്യോമതാവളത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത് 2016 ലാണ്. ഏദൻ ഉൾക്കടലിനെയും ചെങ്കടലിനെയും വേർതിരിക്കുന്ന തന്ത്രപ്രധാനമായ ബാബ്-എൽ-മണ്ടേബ് കടലിടുക്കിലാണ് സൈനിക താവളം സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഏറ്റവും നിർണായക ചാനലുകളിലൊന്നായ സൂയസ് കനാലിന് സമീപവുമാണിത്.
ചൈനയുടെ ജിബൂട്ടി ബേസ് ‘ഒരു ആധുനിക കൊളോണിയൽ കോട്ട പോലെ, ഏതാണ്ട് മധ്യകാലഘട്ടത്തിൽ കാണപ്പെടുന്ന പ്രതിരോധ രീതിയില്‍ വളരെ ശക്തമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നേരിട്ടുള്ള ആക്രമണത്തെ പോലും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ഈ ബേസിന് സാധിക്കും,’ കവർട്ട് ഷോർസിലെ നേവൽ അനലിസ്റ്റ് എച്ച്ഐ സട്ടൺ പറയുന്നു. ഹെലികോപ്റ്റർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഏപ്രോണിന് സമീപം സ്ഥിതി ചെയ്യുന്ന 320 മീറ്റർ നീളമുള്ള ബെർത്തിംഗ് ഏരിയയിൽ ഡോക്ക് ചെയ്തിരിക്കുന്ന ഒരു ചൈനീസ് യുഷാവോ-ക്ലാസ് ലാൻഡിംഗ് കപ്പൽ എന്‍ഡിടിവി പുറത്ത് വിട്ട ഇമേജറി പ്രൊവൈഡർ മാക്സറിൽ നിന്നുള്ള ചിത്രങ്ങൾ കാണിക്കുന്നുണ്ട്.
കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെങ്കിലും അടിത്തറ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് തോന്നുന്നു,’ വൈസ് അഡ്മിറൽ ശേഖർ സിൻഹ (റിട്ട.) പറയുന്നു. ‘അവർക്ക് ബ്രേക്ക്‌വാട്ടറിന്റെ ഇരുവശത്തും കപ്പലുകൾ നല്ല രീതിയില്‍ ഡോക്ക് ചെയ്യാൻ കഴിയും. ജെട്ടിയുടെ വീതി ഇടുങ്ങിയതാണെങ്കിലും, ഒരു ചൈനീസ് ഹെലികോപ്റ്റർ കാരിയറിലേക്ക് കയറാൻ പാകത്തിന് മാത്രം അതിന് വലിപ്പമുണ്ട്.’-അദ്ദേഹം പറഞ്ഞു. 25,000 ടൺ ഭാരമുള്ള ഈ കപ്പൽ 800 സൈനികർക്ക് യാത്ര ചെയ്യാനും വാഹനങ്ങൾ, എയർ-കുഷ്യൻ ലാൻഡിംഗ് ക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ എന്നിവയെ ഉള്‍ക്കൊള്ളാനും സാധിക്കും.
ടൈപ്പ്-071 ലാൻഡിംഗ് കപ്പൽ വളരെ വലുതാണ്, കൂടാതെ നിരവധി ടാങ്കുകളും ട്രക്കുകളും ഹോവർക്രാഫ്റ്റുകളും വഹിക്കാൻ കഴിയും,’ എച്ച് ഐ സട്ടൺ പറയുന്നു. ‘ഇവയുടെ ഒരു കപ്പൽ ചൈനയുടെ ആക്രമണ സേനയുടെ നട്ടെല്ലാണ്. കൂടുതല്‍ കപ്പലുകളും ഇവിടെയെത്തും. വലിപ്പവും ശേഷിയും പരിശോധിക്കുമ്പോള്‍ ലോജിസ്റ്റിക് ദൗത്യങ്ങൾക്കും സുപ്രധാന സാധനങ്ങൾ കൊണ്ടുപോകുന്നതിനും ഈ കപ്പല്‍ ഉപയോഗിക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍.
കടല്‍-വായു ആക്രമണം മുതൽ മാനുഷിക പിന്തുണ വരെയുള്ള നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ചൈനീസ് ടാസ്‌ക് ഫോഴ്‌സിന്റെ മുൻനിരയില്‍ നിന്ന് പ്രവർത്തിക്കാനാണ് യുഷാവോ-ക്ലാസ് കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനീസ് നാവികസേന ഈ ക്ലാസിലെ അഞ്ച് കപ്പലുകൾ കമ്മീഷൻ ചെയ്യുന്നതിനുമുമ്പ് ഫിറ്റിംഗ്-ഔട്ടിന്റെ വിവിധ ഘട്ടങ്ങളിലായി മൂന്നെണ്ണം കൂടി തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
25,000 ടൺ ഭാരമുള്ള സാറ്റലൈറ്റ്, ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈന ഡോക്ക് ചെയ്ത സമയത്താണ് ജിബൂട്ടിയിലെ പൂർണ്ണമായി പ്രവർത്തനക്ഷമമായ ബേസിന്റെ ചിത്രങ്ങൾ വരുന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചിരുന്നെങ്കിലും ചൈനീസ് കപ്പല്‍ കഴിഞ്ഞ ദിവസം കൊളംബോ തുറമുഖത്ത് എത്തിയിരുന്നു. ‘ശക്തമായ ട്രാക്കിംഗ്, സെൻസിംഗ്, കമ്മ്യൂണിക്കേഷൻ റിലേ സിസ്റ്റം എന്നിവ ഉപയോഗിച്ച് യുവാൻ വാങ് 5 തീർച്ചയായും വിദേശ ഉപഗ്രഹങ്ങൾ, മിസൈൽ സംവിധാനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് പ്രാപ്തമാണ്. ഇത് ഏറെ അകലെയുള്ള ചൈനീസ് സൈനിക ദൗത്യങ്ങളെ പിന്തുണയ്ക്കാനും കപ്പലിനെ അനുവദിക്കുന്നു’ – മുതിർന്ന ഗവേഷകനായ ഡാമിയൻ സൈമൺ പറയുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കപ്പലിന്റെ സാന്നിധ്യം, ചൈനീസ് മെയിൻലാൻഡിൽ നിന്ന് അകലെയുളള ബഹിരാകാശ നീക്കങ്ങളെ പോലും നിരീക്ഷിക്കാൻ അനുവദിക്കുന്നു. അതേസമയം ജിബൂട്ടിയിലെ വിന്യാസം ആഫ്രിക്കയിലെ സമാധാന സേനകൾക്കും, കടൽക്കൊള്ള വിരുദ്ധ സമുദ്ര ദൗത്യങ്ങള്‍ക്കും ഗുണകരമായി തീർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പ്രധാന സാറ്റലൈറ്റ് സംവിധാനങ്ങള്‍ ട്രാക്ക് ചെയ്യാൻ ചൈനയ്ക്ക് നേരിട്ട് സാധിച്ചേക്കും. ‘നിലവിലെ ഇന്ത്യ-ചൈന അതിർത്തി പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണാത്ത സാഹചര്യത്തിൽ, അതിർത്തി നിരീക്ഷണം, തീവ്രവാദി നുഴഞ്ഞുകയറ്റം കണ്ടെത്തൽ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിരീക്ഷണ ദൗത്യങ്ങൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ നിരീക്ഷിക്കാൻ കപ്പൽ വിന്യാസം അനുവദിച്ചേക്കാം.’-വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ശ്രീലങ്കയിലെയും ജിബൂട്ടിയിലെയും ചൈനയുടെ സാന്നിദ്ധ്യം ഇരു രാജ്യങ്ങളിലെയും സാമ്പത്തിക നിക്ഷേപങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ജിബൂട്ടിയുടെ കടത്തിന്റെ ഭൂരിഭാഗവും നല്‍കിയിരിക്കുന്നത് ചൈനയാണ്. ആഫ്രിക്കൻ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ അല്ലെങ്കിൽ ജിഡിപിയുടെ 70 ശതമാനത്തിലധികം വരും ചൈനയ്ക്ക് നല്‍കാനുള്ള കടം. മറുവശത്ത് 99 വർഷത്തെ പാട്ടത്തിന് ശ്രീലങ്കയുമായി ഒരു സംയുക്ത കരാർ സൃഷ്ടിച്ചുകൊണ്ടാണ് ഹമ്പൻടോട്ട തുറമുഖം ചൈന കൈവശപ്പെടുത്തിയിരിക്കുന്നത്. തുറമുഖ നിർമ്മാണത്തിനായി ശ്രീലങ്ക എടുത്ത 1.7 ബില്യൺ ഡോളർ വായ്പയ്ക്ക് പ്രതിവർഷം 100 മില്യൺ ഡോളർ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്നായിരുന്നു ഈ ഏറ്റെടുപ്പ്.
ചൈനയുടെ സമുദ്രോദ്ദേശ്യങ്ങളെക്കുറിച്ചോ കഴിവുകളെക്കുറിച്ചോ ദില്ലിക്ക് യാതൊരു മിഥ്യാധാരണയും ഉണ്ടാകരുതെന്ന് മുൻ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശും വ്യക്തമാക്കുന്നു. “ആഫ്രിക്കയുടെ കൊമ്പിൽ നിന്ന് അവർ സ്റ്റാൻഡിംഗ് പട്രോളിംഗ് സ്ഥാപിച്ചിട്ട് ഇപ്പോൾ 14 വർഷമായി. വിദൂര സാന്നിധ്യത്തെ ശേഷി നിലനിർത്താനുള്ള അവരുടെ കഴിവിനെക്കുറിച്ച് തുടക്കത്തിൽ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷേ അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് അവർ കാണിച്ചു. അവർ കപ്പലുകൾ ദീർഘദൂര സ്റ്റേഷനിൽ ആറ് മുതൽ ഒമ്പത് മാസം വരെ നിർത്തി”-എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പേർഷ്യൻ കടലിടുക്കില്‍ പ്രധാന താവളങ്ങളുള്ള യുഎസ് നാവികസേനയെ മാത്രമല്ല, മേഖലയിലെ അടുത്ത ഏറ്റവും വലിയ ഇന്ത്യൻ നാവികസേനയെയും ലക്ഷ്യമിട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാനുള്ള വിശദമായ പദ്ധതിയുടെ ഭാഗമാണ് ജിബൂട്ടിയിലെ ചൈനയുടെ സാന്നിധ്യം. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം മേഖലയിലെ കൂടുതൽ വിപുലീകരണത്തിനും ചൈന തുടക്കം കുറിച്ചിട്ടുണ്ട്. “ഇന്ന് നാം കാണുന്നത് അവരുടെ സമുദ്ര സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള നന്നായി ആസൂത്രണം ചെയ്ത തന്ത്രത്തിന്റെ പ്രകടനമാണ്,” അഡ്മിറൽ പ്രകാശ് പറയുന്നു.