അമേരിക്കയുടെ സ്വർണം ആരെങ്കിലും മോഷ്ടിച്ചോ? സ്വർണ വാതായനങ്ങൾ തുറക്കാൻ ട്രംപ്

ന്യൂയോർക്ക് : അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്. അവിടെ 400 ബില്യൺ ഡോളറിലെറെ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ പ്രസിഡന്റ് ട്രംപ് നേരിട്ടെത്തി പരിശോധന നടത്താൻ മാത്രം ഇപ്പോൾ എന്താണ് സംഭവിച്ചതെന്നല്ലേ? ആരെങ്കിലും അവിടത്തെ സ്വർണം അടിച്ചുമാറ്റിയോ? ‘അത് പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് ട്രംപ് പറഞ്ഞത്. സ്വർണ ശേഖരത്തിന്റെ കാര്യത്തിൽ അമേരിക്കൻ സർക്കാരിന് അത്ര കണ്ട് വിശ്വാസ്യതയില്ല എന്ന മട്ടിൽ നിരവധി കോൺസ്പിരസി തിയറികൾ അഥവാ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലവിലുണ്ട്. എന്നാൽ ഇതല്ല ട്രംപിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ.
എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ കാര്യക്ഷമതാ വകുപ്പ് ഉന്നയിച്ച സംശയമാണ് ട്രംപിന്റെ പരിശോധനാ നീക്കത്തിന് പിന്നിൽ. ഫോർട്ട് നോക്സിലുണ്ടെന്ന് പറയപ്പെടുന്ന 400 ബില്യൺ ഡോളറിലേറെ മൂല്യമുള്ള സ്വർണം അവിടെയുണ്ടോ എന്നായിരുന്നു DOGEന്റെ സംശയം. ‘ഇത് അമേരിക്കക്കാരുടെ സ്വർണ ശേഖരമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് അറിയാൻ അവർക്ക് അവകാശമുണ്ടെ’ന്ന മസ്കിന്റെ എക്സ് പോസ്റ്റാണ് നിലവിലെ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. 5000 ടൺ സ്വർണമാണ് ഫോർട്ട് നോക്സിലുള്ളതായി കരുതപ്പെടുന്നത്. ഇതിന് പുറമേ ഡെൻവറിലും വെസ്റ്റ് പോയിന്റിലുമുള്ള മിന്റുകളിലും സ്വർണ ശേഖരമുണ്ട് അമേരിക്കയ്ക്ക്.
അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി തനിക്ക് സമ്മാനമായി നൽകിയ ചെയിൻ സോ പ്രദർശിപ്പിച്ചുകൊണ്ടാണ് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ മസ്ക് ആവശ്യം ഉന്നയിച്ചത്. ഈ 5,000 ടൺ സ്വർണം എങ്ങനെയിരിക്കും. ആ സ്വർണ വാതിലുകൾക്ക് പിന്നിലെന്താവും. പ്രസിഡന്റിന്റെ ഒരു ലൈവ് ടൂറിലൂടെ നമുക്കത് പരിശോധിക്കണം. അതാരെങ്കിലും അടിച്ചുമാറ്റി ഈയമോ പെയിന്റോ സ്പ്രേ ചെയ്തിട്ടുണ്ടാവുമോ. മസ്ക് ഉന്നയിച്ച സംശയങ്ങൾ ഇങ്ങനെ പോകുന്നു. എന്നാൽ എല്ലാ വർഷവും കൃത്യമായ ഓഡിറ്റ് നടത്തുന്നുണ്ടെന്നും ഒരു തരി സ്വർണം പോലും എവിടെയും പോയിട്ടില്ലെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റും പറയുന്നു.
1937ലാണ് ഫോർട്ട് നോക്സിലേക്ക് ആദ്യ സ്വർണ ശേഖരമെത്തിയത്. 1974 വരെ അംഗീകൃത ഉദ്യോഗസ്ഥർക്ക് പുറമേ ഫോർട്ട് നോക്സ് നിലവറകളിലേക്ക് പ്രവേശനമുള്ള ഒരേയൊരാൾ പ്രസിഡന്റ് മാത്രമായിരുന്നു. എന്ന് 1974 ൽ മിന്റ് ഒരു കൂട്ടം പത്രപ്രവർത്തകർക്കും കോൺഗ്രസ് പ്രതിനിധി സംഘത്തിനും സ്വർണ ശേഖരം കാണാൻ നിലവറകൾ തുറന്നുകൊടുത്തിരുന്നു. അന്ന് സ്വർണശേഖരത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം നൽകാൻ ആ നടപടിക്കായി.
ഫോർട്ട് നോക്സിലെ സ്വർണ ശേഖരം സിനിമകൾക്കും പ്രമേയമായിട്ടുണ്ട്. 1964 ലെ ജെയിംസ് ബോണ്ട് ത്രില്ലർ ‘ഗോൾഡ് ഫിങ്കറിലും’ 1981 ലെ കോമഡി മൂവി ‘സ്ട്രൈപ്സിലും’ ഫോർട്ട് നോക്സ് വിഷയമായി. കാർട്ടൂൺ കഥാപാത്രങ്ങളായ ബഗ്സ് ബണ്ണിയും യോസെമൈറ്റ് സാമും ഫോർട്ട് നോക്സിലെ സ്വർണം അടിച്ചുമാറ്റാൻ നടത്തുന്ന കാർട്ടൂണുകളും 1952ൽ വന്നിരുന്നു.