മുണ്ടക്കൈ ദുരന്തബാധിതർക്ക് നൽകിയ അരി പുഴുവരിച്ചതെന്ന്; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

മേപ്പാടി : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി.
മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉള്ളത്.
മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. അതേസമയം ഭക്ഷ്യവസ്തുക്കൾ കൈമാറിയത് സന്നദ്ധ സംഘടനകളെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്.
സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉപരോധിക്കുകയാണ്. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.