സിറിയയിൽ വീണ്ടും ആഭ്യന്തരസംഘർഷം രൂക്ഷമാകുന്നു; 89 മരണം; സൈന്യത്തെ വിന്യസിച്ച് സർക്കാർ

ഡമാസ്കസ് : ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ സമാധാനസൂചനകൾ കണ്ടുതുടങ്ങിയ സിറിയയിൽ വീണ്ടും ആഭ്യന്തരസംഘർഷം രൂക്ഷമാകുന്നു. സ്വെയ്ദ പ്രവിശ്യയിൽ മതന്യൂനപക്ഷമായ ദുറൂസികളുടെ നേതൃത്വത്തിലുള്ള സായുധസംഘങ്ങളും സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകളും തമ്മിൽ രണ്ടുദിവസമായി നടക്കുന്ന ഏറ്റുമുട്ടലിൽ 89 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 46 പേർ ദുറൂസികളും 18 പേർ ബെദൂയിൻ പോരാളികളുമാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രസിഡന്റ് അഹമ്മദ് അൽ ഷാരയുടെ സർക്കാർ മേഖലയിൽ സൈന്യത്തെ വിന്യസിച്ചു.
ഞായറാഴ്ച സ്വെയ്ദയിലെ ഹൈവേയിൽ ദുറൂസി പച്ചക്കറിക്കച്ചവടക്കാരനെ ബെദൂയിൻ ഗോത്രക്കാർ തട്ടിക്കൊണ്ടുപോവുകയും കൊള്ളയടിക്കുകയും ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഹൈവേയിൽ ബെദൂയിനുകൾ സ്ഥാപിച്ച ചെക്ക്പോയിന്റിലായിരുന്നു സംഭവം.
പ്രതികാരനടപടിയായി ചില ബെദൂയിനുകളെ ദുറൂസികളും തട്ടിക്കൊണ്ടുപോയി. ഇവരെയെല്ലാം വിട്ടയച്ചെങ്കിലും ഇതോടെ സംഘർഷം പ്രവിശ്യയാകെ വ്യാപിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളുടെയും നേതാക്കളോട് പ്രവിശ്യാഗവർണർ മുസ്തഫ അൽ ബക്കുർ വെടിനിർത്തലിന് ആഹ്വാനംചെയ്തു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും നിർദേശിച്ചു.
2024 ഡിസംബറിലാണ് വിമതവിപ്ലവത്തിലൂടെ അൽഷാരയുടെ നേതൃത്വത്തിൽ സുന്നിവിഭാഗക്കാരായ ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന സായുധസംഘടന സിറിയയിൽ അധികാരം പിടിച്ചത്. അതിനുശേഷം പുതിയ ഭരണകൂടം തങ്ങളെ അടിച്ചമർത്തുമോയെന്ന ആശങ്കയിലാണ് ദുറൂസികൾ. ഏപ്രിൽ-മേയ് മാസങ്ങളിലായി തലസ്ഥാനമായ ഡമാസ്കസിലെയും സ്വെയ്ദയിലെയും ദുറൂസി ഭൂരിപക്ഷമേഖലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 100-ലേറെപ്പേർ മരിച്ചിരുന്നു. അന്നത്തെ നടപടിയിൽ ബെദൂയിനുകൾ സൈന്യത്തെ സഹായിച്ചു. മറ്റൊരു ന്യൂനപക്ഷവിഭാഗമായ അലാവൈറ്റുകളെ (അലവികൾ) ലക്ഷ്യമിട്ട് മാർച്ചിലുണ്ടായ ആഭ്യന്തരകലാപത്തിൽ 1700 പേരും മരിച്ചു.
സ്വെയ്ദ പ്രവിശ്യയിൽ യുദ്ധടാങ്കുകൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുറൂസികളെ സംരക്ഷിക്കാനായി സിറിയയിലെ ആഭ്യന്തരസംഘർഷങ്ങളിൽ ഇടപെടുമെന്ന് ഇസ്രയേൽ നേരത്തേ മുന്നറിയിപ്പുനൽകിയിരുന്നു.
1.52 ലക്ഷം ദുറൂസികളാണ് ഇസ്രയേലിലുള്ളത്. അതിൽ 24,000 പേർ അധിനിവേശ ഗോലാൻ കുന്നുകളിലാണ്. അതിൽ അഞ്ചുശതമാനത്തിൽത്താഴെപ്പേർക്ക് ഇസ്രയേൽ പൗരത്വമുണ്ട്. 1967-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിലൂടെയാണ് ഇസ്രയേൽ സിറിയയിൽനിന്ന് ഗോലാൻ കുന്നുകൾ പിടിച്ചത്. സിറിയയിൽ എച്ച്ടിഎസിന്റെ വിമതവിപ്ലവമുണ്ടായപ്പോൾ ഇവിടെ സേനാവിന്യാസം വർധിപ്പിച്ചിരുന്നു.
ഷിയ ഇസ്ലാമിൽനിന്ന് പിരിഞ്ഞുണ്ടായ ഇസ്മായിലിസത്തിന്റെ ഉപശാഖയായി 10-ാം നൂറ്റാണ്ടിലുണ്ടായ മതവിഭാഗമാണ് ദുറൂസികൾ. സിറിയ, ലെബനൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലാണ് ഇവരുള്ളത്. 2011-ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിനുമുൻപ് സിറിയയിൽ ഏഴുലക്ഷം ദുറൂസികളാണുണ്ടായിരുന്നു. 14 വർഷംനീണ്ട യുദ്ധത്തിനിടെയാണ് ദുറൂസികൾ സിറിയയിൽ സായുധസംഘങ്ങളുണ്ടാക്കിയത്.