ഏഷ്യയിലെ ഏറ്റവും ആഴമേറിയ എണ്ണക്കിണര്‍ കുഴിച്ചെന്ന അവകാശവാദവുമായി ചൈന

ബെയ്‌ജിങ്ങ് : ഏഷ്യയിലെ ഏറ്റവും ആഴമേറിയ എണ്ണക്കിണര്‍ കുഴിച്ചെന്ന അവകാശവാദവുമായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ സിഎന്‍പിസി. 10,910 മീറ്റര്‍ ആഴത്തില്‍ ലംബമായിട്ടാണ് എണ്ണക്കിണര്‍ കുഴിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മരുഭൂമിയിലാണ് എണ്ണക്കിണര്‍ കുഴിച്ചതെന്നും കമ്പനി അവകാശപ്പെട്ടു.
സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയിലെ താരിം ബേസിനിലെ തക്ലിമാകന്‍ മരുഭൂമിയുടെ ഹൃദയഭാഗത്താണ് എണ്ണക്കിണര്‍ കുഴിച്ചത്. ‘ഷെണ്ടിടേക്ക് 1’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, എണ്ണ, പ്രകൃതി വാതക വിഭവങ്ങള്‍ കണ്ടെത്താനുള്ള തിരയലിനു പുറമേ, ഭൂമിയുടെ പരിണാമത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൂടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിഎന്‍പിസി) വ്യാഴാഴ്ച വ്യക്തമാക്കി.
ആഗോള തലത്തില്‍ ഇത് രണ്ടാമത്തെ ആഴമേറിയ എണ്ണക്കിണര്‍ ആണ്. ഏറ്റവും ആഴമേറിയ ലൈനര്‍ സിമന്റിങ്, ആഴമേറിയ വയര്‍ലൈന്‍ ഇമേജിങ് ലോഗിങ്, 10,000 മീറ്ററില്‍ കൂടുതലുള്ള ഏറ്റവും വേഗതയേറിയ ഓണ്‍ഷോര്‍ ഡ്രില്ലിങ് എന്നിവയുള്‍പ്പെടെ ആഗോളതലത്തില്‍ മറ്റ് എന്‍ജിനീയറിങ് മുന്നേറ്റങ്ങള്‍ക്കും ഇത് സാക്ഷ്യം വഹിച്ചു. 1989ല്‍ പൂര്‍ത്തിയാക്കിയ, റഷ്യയിലെ കോല സൂപ്പര്‍ഡീപ്പ് ബോര്‍ഹോള്‍ SG-3 ആണ് ലോകത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മ്മിത എണ്ണക്കിണര്‍. 12,262 മീറ്റര്‍ ആഴമാണ് ഇതിനുള്ളത്.
2023 മെയ് 30നാണ് ചൈന ഡ്രില്ലിങ് ആരംഭിച്ചത്. 580 ദിവസത്തിലധികം സമയമെടുത്താണ് എണ്ണക്കിണര്‍ കുഴിച്ചത്. അവസാന 910 മീറ്ററിനാണ് പകുതിയിലധികം സമയവും വിനിയോഗിച്ചത്. ഏകദേശം 300 ദിവസമാണ് എണ്ണക്കിണറിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കാന്‍ ചെലവഴിച്ചത്. കിണര്‍ കുഴിച്ച് 500 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള പാറ പാളികളില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.