അന്തർദേശീയം

കാൻ ചലച്ചിത്രമേള : റെഡ് കാർപ്പറ്റിൽ ന​ഗ്നത പ്രദർശനം പാടില്ല; ഓവർ സൈസ്ഡ് വസ്ത്രങ്ങൾക്കും വിലക്ക്

കാൻസ് : ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റിലെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ. ന​ഗ്നത പ്രദർശനവും ഓവർ സൈസ്ഡ് വസ്ത്രങ്ങളും മേളയിൽ അനുവദിക്കില്ല. പുതിയ മാർ​ഗനിർദേശങ്ങൾ ഫെസ്റ്റിവൽ അധികൃതർ പുറപ്പെടുവിച്ചു. ഈ വർഷം ​ഗ്രാമി പുരസ്കാരവേദിയിൽ ​ഗായിക സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതും 2022ൽ നടന്ന മേളയിൽ മാറുമറയ്ക്കാതെ പ്രതിഷേധം പ്രകടിപ്പിച്ചതുമടക്കമുള്ള കാരണങ്ങൾ കൊണ്ടാണ് പുതിയ തീരുമാനമെന്നാണ് വിവരം.

വസ്ത്രധാരണം സംബന്ധിച്ച നിർദേശങ്ങൾ നേരത്തെതന്നെ നിലവിലുണ്ടായിരുവെങ്കിലും ഇപ്പോൾ കർശനമായി നടപ്പാക്കുകയാണെന്നും ഫെസ്റ്റിവൽ വിശദീകരിച്ചു. ഫാഷനെ നിയന്ത്രിക്കുക എന്നതല്ല ലക്ഷ്യമെന്നും സംഘടകർ വിശദീകരിക്കുന്നു. റെഡ് കാർപ്പറ്റിൽ പൂർണ്ണമായ ന​ഗ്നതാ പ്രദർശനമടക്കം ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാൻ വേണ്ടിയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സുരക്ഷാ പ്രശ്‌നങ്ങളും ഫെസ്റ്റിവൽ അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാൻസിലെ റെഡ് കാർപെറ്റ് ഡ്രസ് കോഡ് നിയന്ത്രണങ്ങൾ വളരെക്കാലമായി വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ വർഷം ആദ്യം നടന്ന ഗ്രാമി ചടങ്ങിൽ ​ഗായിക ബിയാങ്ക സെൻസോറി സുതാര്യവസ്ത്രം ധരിച്ചെത്തിയത് ഏറെ വിവാദമായിരുന്നു. മെയ് 13 മുതൽ 24 വരെയാണ് കാൻ ചലച്ചിത്രമേള നടക്കുന്നത്. സംവിധായിക പായൽ കപാഡിയ ഇത്തവണ ജൂറി അംഗമായി കാനിൽ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button