കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; ഒരു മരണം

ഫ്രാങ്ക്ഫോർട്ട് : കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചൊവ്വാഴ്ച വൈകിയുണ്ടായ വെടിവയ്പിൽ ഒരു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. യൂണിവേഴ്സിറ്റിയിലെ റസിഡൻഷ്യൽ ഹാളിൽ നടന്ന വെടിവയ്പ്പിലാണ് വിദ്യാർഥി മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളയാൾ സർവകലാശാലയിലെ വിദ്യാർഥിയല്ലെന്നും ഫ്രാങ്ക്ഫർട്ട് അസിസ്റ്റന്റ് ചീഫ് ഓഫ് പൊലീസ് സ്കോട്ട് ട്രേസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ക്യാമ്പസിൽ സുരക്ഷാ ആശങ്കകളില്ലെന്നും പൊലീസ് വ്യക്തമാക്കി.
സർവകലാശാലയിലെ ക്ലാസുകൾ, ഫൈനൽ പരീക്ഷകൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. സർവകലാശാലയിൽ നാല് മാസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവയ്പ്പാണിത്. ആഗസ്ത് 17 ന് ഇതേ റെസിഡൻഷ്യൽ ഹാളിന് സമീപം വാഹനത്തിൽ നിന്നുണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഏകദേശം 2,200 വിദ്യാർഥികളാണ് സർവകലാശാലയിലുള്ളത്.



