ദേശീയം

‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ – നിലപാടില്‍ നിന്നും ബിജെപി പിന്‍വാങ്ങുന്നു

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയുയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത്. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേ സമയ തെരെഞ്ഞെടുപ്പ് നടത്താനുള്ള നീക്കമായിരുന്നു ഇത്. ഇന്ത്യയില്‍ ഓരോ മാസത്തിലും എവിടെയെങ്കിലുമൊക്കെ തെരെഞ്ഞെടുപ്പുകള്‍ നടക്കും. ഇത് തെരെഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം വലിയ ചെലവാണ്. അപ്പോള്‍ മൂന്ന് തെരെഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ ചെലവ് കുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും വാദിച്ചത്.

2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് 1.35 ലക്ഷം കോടിയലധികമാണ് ചിലവാക്കിയത്. 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ചിലവായതിന്റെ ഇരട്ടിയലധികമായി ഇത്. അതോടൊപ്പം വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ആറ് സംസ്ഥാന അസംബ്‌ളികളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുകയാണ്. ഹരിയാനാ, മഹാരാഷ്ട്രാ ജാര്‍ഖണ്ഡ്, ഡല്‍ഹി ബിഹാര്‍ ജാര്‍ഖണ്ഡ് എന്നിവങ്ങളിലേക്കാണവ. അതിന് ശേഷം 2026 ല്‍ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും തെരെഞ്ഞെടുപ്പ് നടക്കും.

ഇതിനായി വരുന്ന പതിനായിരക്കണക്കിന് കോടിയുടെ ചിലവ് കുറക്കാനാണ് തങ്ങള്‍ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുവന്നതെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഈ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പ്രതിപക്ഷ കക്ഷികള്‍ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.എല്ലാ തെരെഞ്ഞെടുപ്പുകളെയും ഒരുമിച്ച് നേരിടുമ്പോള്‍ ദേശീയ വിഷയങ്ങള്‍ മാത്രം മുന്‍ നിര്‍ത്താമെന്നും അതില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താമെന്നും അതുവഴി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒരേ പോലെ നേട്ടമുണ്ടാക്കാമെന്നുമുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിനു പിന്നിലെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്.

2024 ലെ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കളിമാറി. ലോക്‌സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത് നിയമമാക്കാന്‍ പറ്റുകയുള്ളു. കാരണം ഇതിനായി ഭരണഘടന ഭേദഗതി വേണം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി 2024 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി. ഭരണഘടനാ ഭേദഗതിലൂടെ മാത്രമേ ഇത്തരത്തില്‍ ഒരേ സമയം തെരെഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം ഇന്ത്യന്‍ പ്രസിഡന്റിന് പുറപ്പെടുവിക്കാന്‍ കഴിയൂവെന്നാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോട്ടില്‍ പറയുന്നത്. ഇതോടെയാണ് ഈ തിരുമാനം തല്‍ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കാനുള്ള തിരുമാനം ബിജെപി എടുത്തത്.

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തെക്കുറിച്ച് ഈ ലോക്‌സഭയുടെ കാലത്ത് ഇനി ബിജെപിക്ക് ചിന്തിക്കാന്‍ പറ്റില്ല. കാരണം 572 അംഗ സഭയില്‍ പ്രതിപക്ഷത്തിന് മാത്രമുള്ളത് 230 സീറ്റാണ്. ഏതാണ്ട് നാല്‍പ്പതിലധികം സീറ്റുകള്‍ ബിജെപിയെ പിന്തുണക്കുന്ന സഖ്യ കക്ഷികള്‍ക്കുമുണ്ട്. ജെഡിയുവും തെലുഗുദേശവും ഉള്‍പ്പെടുന്ന ഈ സഖ്യ കക്ഷികള്‍ ഒരിക്കലും ഇത്തരം തിരുമാനത്തെ പിന്തുണക്കില്ലന്ന് ബിജെപിക്കറിയാം. അപ്പോള്‍ ഈ തീരുമാനം തല്‍ക്കാലം ഫ്രീസറില്‍ വയ്കുന്നതാണ് നല്ലതെന്ന നിലപാടാണ് ബിജെപിക്കുള്ളത്.ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത് അംഗീകരിച്ചാല്‍ ഇപ്പോഴുള്ള ഭൂരിഭാഗം സംസ്ഥാന അസംബ്‌ളികളുടെയും കാലാവധി 2029 വരെ നീട്ടേണ്ടി വരും. അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബിജെപിയും പ്രതിപക്ഷവും ഒരു പോലെ വിശ്വസിക്കുന്നു. അങ്ങനെ വരുമ്പോള്‍ കേരളം അടക്കമുള്ള പല നിയമസഭകളുടെയും കാലാവധി എട്ടുവര്‍ഷത്തിലധികം നീളും. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധി തന്നെ രാജ്യത്ത് സൃഷ്്ടിക്കും.ബിജെപിയിലെ നേതാക്കള്‍ പോലും ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ ഇഷ്ടപ്പെടുന്നില്ലന്നാണ് അറിയുന്നത്.

നിയമസഭകളുടെ കാലാവധി നീട്ടുന്നത് ബിജെപി പ്രതിപക്ഷമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്.ഇക്കാര്യത്തില്‍ ബിജെപിയില്‍ തന്നെ ഏകാഭിപ്രായം ഇല്ലന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രധാമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്തര മന്ത്രി അമിത്ഷാക്കും തെരെഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തണമെന്ന നിശ്ചദാര്‍ഡ്യം തന്നെയാണുള്ളത്. എന്നാല്‍ ഇപ്പോഴെത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അത്ര പെട്ടന്ന് അതു നടക്കുമെന്ന വിശ്വാസം അവര്‍ക്ക് പോലുമില്ലന്നതാണ് യാഥാര്‍ത്ഥ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button