യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഷാഗോസ് ദ്വീപ സമൂഹം മൗറീഷ്യസിന് വിട്ടുനല്‍കുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടണ്‍

ലണ്ടന്‍: പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടണ്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാടുവിട്ട ആളുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. അതേസമയം ഡീഗോ ഗാര്‍ഷ്യയിലെ പ്രധാനപ്പെട്ട യുകെ-യുഎസ് സൈനിക താവളത്തിന്റെ ഉപയോഗം ലണ്ടന്‍ നിലനിര്‍ത്തി.

രണ്ട് വര്‍ഷമായുള്ള ചര്‍ച്ചകളുടെ ഫലമാണ് ഈ തീരുമാനമെന്നും രാജ്യാന്തര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതോടെ ഏറെക്കാലമായി നിലനില്‍ക്കുന്ന അന്താരാഷ്ട്ര പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ഷാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നതിനായി പതിറ്റാണ്ടുകളായി ബ്രിട്ടന്റെ മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ സൈനിക താവളമുള്ളതിനാല്‍ ബ്രിട്ടണ്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ബ്രിട്ടണും യുഎസും സംയുക്തമായാണ് ഈ സൈനിക താവളം നടത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ഗള്‍ഫ് മേഖലയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ഈ സൈനിക താവളം.

ബ്രിട്ടണും മൗറീഷ്യസും തമ്മിലുണ്ടാക്കിയ ഉടമ്പടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. സൈനിക താവളത്തിന്റെ പ്രവര്‍ത്തനം തുടരുന്നത് ആഭ്യന്തര-അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധത്തില്‍ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

1814 മുതല്‍ ഈ പ്രദേശം ബ്രിട്ടന്റെ കോളനിയായിരുന്നു. 1965ല്‍ ഷാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍ നിന്ന് ബ്രിട്ടണ്‍ വേര്‍പെടുത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മൗറീഷ്യസ് ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായത്. തുടര്‍ന്ന് സൈനികതാവളം തുടങ്ങാനായി ആയിരക്കണക്കിന് പ്രദേശവാസികളെ ബ്രിട്ടണ്‍ ഇവിടെ നിന്ന് കുടിയൊഴിപ്പിച്ചിരുന്നു. ഇതിനിടയില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടായി. ഈ സൈനിക താവളം പിന്നീട് അമേരിക്കയ്ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. 1968 മുതല്‍ ഷാഗോസിനായി മൗറീഷ്യസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇത് വിട്ടുകൊടുക്കാനായി വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ബ്രിട്ടന്റെ മേലുണ്ടായിരുന്നു. 2019-ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയും ഐക്യരാഷ്ട്ര സഭയും ദ്വീപ് കൈമാറാന്‍ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button