വിയറ്റ്‌നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റും; മരണ സംഖ്യ 59 ആയി
20 യാത്രക്കാരുമായി ബസ് ഒഴുകിപ്പോയി
ഹനോയ് : വിയറ്റ്‌നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായതിനെത്തുടര്‍ന്ന് 59 മരണം. നദിയിലെ ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫുതോ പ്രവിശ്യയില്‍ പാലം തകര്‍ന്നു. കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തി. പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു.
വടക്കന്‍ വിയറ്റ്‌നാമിലെ പല നദികളിലേയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായി. 10 കാറുകള്‍ നദിയില്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോട്ടോര്‍ബൈക്കുകളും ട്രക്കുകളും നദിയില്‍ ഒലിച്ചു പോയി.
പതിറ്റാണ്ടുകള്‍ക്ക് ശേഷം വിയറ്റ്‌നാമില്‍ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറില്‍ 149 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇപ്പോഴും തുടരുന്ന മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് കണക്കുകള്‍. വ്യാവസായിക മേഖലകളിലുള്‍പ്പെടെ മൂന്ന് ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമല്ല. 102 മില്യണ്‍ യുഎസ് ഡോളറാണ് വിയറ്റ്‌നാമിലുടനീളം നഷ്ടം കണക്കാക്കിയിരിക്കുന്നത്. 57000ത്തിലധികം വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍.