കേരളം

‘വയനാട്ടിലേത് ദേശീയ ദുരന്തം, കടന്നുപോയത് മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷം’: മുഖ്യമന്ത്രി

തൃശൂർ‍ : വയനാട്ടിലേത് ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിൽ ഒരുമിച്ച് പ്രവർത്തിച്ച എല്ലാ സേനാംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ജീവൻ പണയപ്പെടുത്തിയാണ് സേനകൾ രക്ഷാപ്രവർത്തനം നടത്തിയതെന്നും കേരള പൊലീസിൻ്റേത് മാതൃകപരമായ പ്രവർത്തനമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ പൊലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖങ്ങളിൽ മനുഷ്യസ്നേഹത്തിൻ്റെ ഊഷ്മളത കേരളം കാത്തുസൂക്ഷിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു‌.

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനായി റഡാർ എത്തിച്ചതായി വയനാട് കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ഇതുപയോ​ഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. വനത്തിൽ സാധ്യമായിടത്തെല്ലാം പരിശോധന നടത്തുമെന്നും സന്നദ്ധപ്രവർത്തകരുടെ കൃത്യമായ കണക്ക് ശേഖരിച്ചാണ് കടത്തി വിടുന്നതെന്നും കലക്ടർ പറഞ്ഞു. സന്നദ്ധപ്രവർത്തകരുടെ സുരക്ഷയും പ്രധാനമാണെന്ന് പറഞ്ഞ കലക്ടർ തിരിച്ചറിയാത്ത മൃതദേഹം സംസ്കരിക്കുന്നതിൽ ആശയകുഴപ്പമില്ലെന്നും വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിലെത്തുന്ന സന്നദ്ധപ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ചൂരൽമല കൺട്രോൾ റൂമിന് സമീപത്ത് പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ടീം ലീഡറുടെ പേരും വിലാസവും നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. വിലപിടിപ്പുള്ള വസ്തുക്കൾ കൺട്രോൾ റൂമിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button