കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള പ്രചാരണം ആസൂത്രിതം, ചില എന്‍ജിഒകളുടെ പങ്കും അന്വേഷിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും അങ്ങിനെ നല്‍കുന്ന പണം പാര്‍ട്ടിക്കാര്‍ അടക്കമുള്ളവര്‍ തട്ടിയെടുക്കുകയുമാണെന്ന പ്രചാരണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കേരളത്തിനകത്തും പുറത്തുമുള്ള ചില എന്‍ജിഒകളുടെയും മതസംഘടനകളുടെയുമൊക്കെ പങ്ക് ഇക്കാര്യത്തില്‍ സംശയിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇക്കാര്യത്തില്‍ കര്‍ശനനടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിത്.

വയനാട് ദുരന്തത്തിന്റെ പേരില്‍ മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിക്കുന്നതിന് മുന്‍പ് തന്നെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം തുടങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായില്ല, മരിച്ചവരുടെ കണക്കെടുത്തില്ല അതിന് മുന്‍പേ പിരിവ് തുടങ്ങി എന്നായിരുന്നു തുടങ്ങിയ ആക്ഷേപങ്ങളൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതെല്ലാം സംഘടിതവും ആസൂത്രിതവുമാണ് എന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രചാരണത്തിനായുള്ള പോസ്റ്ററുകള്‍ അടക്കം തയ്യാറാക്കി വിടുന്നത് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നാണെന്ന സൂചനയും സര്‍ക്കാരിനു ലഭിച്ചത്. ഇന്റലിജന്‍സ് വൃത്തങ്ങളുടെ അന്വേഷണവും ആ വഴിക്കാണ് നീങ്ങിയത്. ഇതില്‍ ചില വര്‍ഗീയ സംഘടനകള്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതോടെ സര്‍ക്കാര്‍ ഊര്‍ജ്ജിതമായി അന്വേഷണം തുടങ്ങി.

2018ലെ വന്‍ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സംഭവങ്ങളുണ്ടാവുകയും എറണാകുളം ജില്ലയിലെ കളമശേരിയിലും കാക്കനാടും സിപിഎമ്മുകാര്‍ പ്രതികളായി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.അര്‍ഹതയില്ലാത്തവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ദുരിതാശ്വാസ തുക പോകുകയും പിന്നീട് തിരിച്ചുപിടിക്കുകയും ചെയ്ത സംഭവവും എറണാകുളം ജില്ലയില്‍ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് (ചീഫ് മിനിസ്റ്റേഴ്‌സ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) എന്ന പേരില്‍ വിജിലന്‍സ് റെയ്ഡുകള്‍ നടക്കുകയും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ ഈ റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാമിന്റെ ഫോട്ടോ വരെ ഉപയോഗിച്ച് ദുരിതാശ്വാസ നിധിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണം നടന്നു. ഇതോടെ ഇത് ആസൂത്രിതമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുകയായിരുന്നു. രണ്ട് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നവരുടെ അക്കൌണ്ടുകളില്‍ നിന്നാണ് ഈ പോസ്റ്റുകള്‍ പലതും പ്രചരിക്കാന്‍ തുടങ്ങുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസിലെ ഡിജിറ്റല്‍ സര്‍വൈലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും നിരീക്ഷണം നടക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി ആര്‍ക്കും സഹായം കിട്ടില്ലെന്നും അതുകൊണ്ട് അതിലേക്ക് പണം നല്‍കരുതെന്നും എഴുതി ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ തന്നെ വലിയ തോതില്‍ അത് ഷെയര്‍ ചെയ്യപ്പെട്ട് പോകുമെന്നത് പൊലീസിലെ സൈബര്‍ വിഭാഗം നിരീക്ഷിച്ചിരുന്നു. ദുരിതാശ്വാസനിധി ദുരുപയോഗത്തിന്റെ പഴയ പത്രവാര്‍ത്തകളും നിരുപദ്രവകരമെന്ന രീതിയില്‍ പോസ്റ്റു ചെയ്തവരുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണങ്ങള്‍ സംഘടിത കുറ്റകൃത്യമാണ് എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് രണ്ടുവരെ 8.38കോടി രൂപയാണ് സംഭാവനയായി ലഭിച്ചതെന്ന് സര്‍ക്കാര്‍ വെബ്‌സെറ്റ് വിശദമാക്കുന്നു. ദുരന്തത്തിന് മുമ്പ് 275.04 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുദിവസം കൊണ്ടാണ് 8.38 കോടി രൂപ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button