അർജുനെ കണ്ടെത്താന്‍ സൈന്യമെത്തുന്നു; ഐഎസ്ആർഒയും ദൗത്യത്തിൽ
അങ്കോള : കർണാടകയിലെ അങ്കോളയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ആറാം ദിവസത്തിൽ. തെരച്ചിലിനായി ഇന്ന് സൈന്യമെത്തും. ഐ.എസ്.ആര്.ഒ.യും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. തെരച്ചലിന് സഹായകരമാവുന്ന ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദർശിക്കും. അർജുനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും. അർജുനായി അഞ്ചാംദിവസം നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. അഞ്ച് ദിനം മുന്‍പ് മണ്ണിനടിയിൽ മറഞ്ഞ അർജുനായി ഗംഗാവലി നദിയുടെ തീരത്ത് കയ്യും മെയ്യും മറന്നായിരുന്നു ഇന്നലത്തെ രക്ഷാ പ്രവർത്തനം.എന്നാൽ കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. അതിനിടയിൽ മണ്ണിനടിയിൽ പ്രതീക്ഷയേകി മൂന്ന് തവണ റഡാർ സിഗ്നലുകളും ലഭിച്ചിരുന്നു. എന്നാൽ കനത്ത മഴയും പുഴയിലെ നീരൊഴുക്കും ചളിയും മണ്ണും റഡാർ പരിശോധനയിലും പ്രതിസന്ധിയായി. മേഖലയിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കേയാണ് രക്ഷാപ്രവർത്തനം തുടരുന്നത്.