കേരളം

നീതി ആയോഗിന്‍റെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാമത്, നേട്ടം തുടര്‍ച്ചയായ നാലാംതവണ

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്‌ഡിജി) കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാർ ആണ് പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. എസ്‌ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്.

2020-21 ല്‍ 66 പോയിന്‍റില്‍ നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനങ്ങൾക്ക് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

2030 ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്ന പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. ഏറ്റവും പുതിയ എസ്ഡിജി ഇന്ത്യ സൂചികയുടെ നാലാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് 113 സൂചകങ്ങളാണ് പട്ടികയിലുള്ളത്. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ തൊഴില്‍ ഉറപ്പാക്കുക, സാമ്പത്തിക വളര്‍ച്ച നേടുക, ഭൂമി ആവാസ യോഗ്യമാക്കി നിലനിര്‍ത്താനുള്ള കാലാവസ്ഥ അനുകൂല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ 2020-21 നെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലിംഗ സമത്വം, സമാധാനം, നീതി, ശക്തമായ ഭരണ സംവിധാനം എന്നീ കാര്യങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറിയ പുരോഗിതയും ഉണ്ടായിട്ടുണ്ട്. എന്നാൽ 2020-21 ല്‍ അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് രാജ്യം 67 പോയിന്റുകള്‍ നേടിയിരുന്നുവെങ്കില്‍ ഇത്തവണയത് 65 ആയി കുറഞ്ഞു. സമ്പത്തിന്റെ വിതരണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ കൂടി ഇക്കാര്യത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മികച്ച പ്രകടനം

കേരളം-79

ഉത്തരാഖണ്ഡ്-79

തമിഴ്‌നാട് (78)

ഗോവ (77)

മോശം പ്രകടനം

ബിഹാർ (57)

തർഖണ്ഡ് (62)

നാഗാലാൻഡ് (63)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button